ബംഗളൂരു : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി ജീവനോടെ ഉണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈ വയ്ക്കാൻ കോൺഗ്രസിനെ സമ്മതിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളുടെ സ്വപ്നം മറന്നേക്കു. സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോൺഗ്രസിന്റെ സ്വപ്നം ഒരു കാലത്തും നടക്കില്ല . ജനങ്ങളുടെ സ്വപ്നം എന്താണോ അതാണ് മോദിയുടെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ ബെലഗാവിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി .
രാജ്യത്തെ ജനങ്ങളുടെ സ്വത്തിന്റെയും സമ്പത്തിന്റെയും പൊന്നിന്റെയും എല്ലാം കണക്ക് കോൺഗ്രസിന്റെ കൈകളിലൂണ്ട്. ഇത് എല്ലാം തട്ടിയെടുത്ത് പ്രിയപ്പെട്ട മതത്തിൻറെ വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോൺഗ്രസിൻറെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. എന്നാൽ എപ്പോഴും ജനങ്ങളുടെ കൂടെ നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഇവിടെ അഴിമതി നടത്താൻ താൻ ആരെയും അനുവദിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിൻറെ ജനാധിപത്യ വ്യവസ്ഥയെ തന്നെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. ഇവിഎമ്മുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുക വഴി രാജ്യത്തിൻറെ തിരഞ്ഞെടുപ്പുകളെ കോൺഗ്രസ് ചോദ്യം ചെയ്യുകയാണ് .ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസിന് വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും മോദി പാർട്ടിക്കെതിരെ ആഞ്ഞടിച്ചു.
Discussion about this post