മുംബൈ: മഹാരാഷ്ട്രയിൽ ഷവർമ്മ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. മുംബെയിലാണ് സംഭവം. 12 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയത്. മുംബൈ ഗോർഗാവിലെ സന്തോഷ് നഗർ മേഖലയിലെ വഴിയോര കടയിൽ നിന്നും ഭക്ഷണം കഴിച്ചവർക്കായിരുന്നു ഭക്ഷ്യവിഷബാധ.
വെള്ളി, ശനി ദിവസങ്ങളിൽ ഇവിടെ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ചിക്കൻ ഷവർമ്മയായിരുന്നു ഇവർ കഴിച്ചത്. വീട്ടിലെത്തിയതിന് പിന്നാലെ കഴിച്ചവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. വയറിളക്കം, ഛർദ്ദി, പനി എന്നിവയായിരുന്നു അനുഭവപ്പെട്ടത്. ഇതേ തുടർന്ന് 12 പേരും ചികിത്സ തേടുകയായിരുന്നു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് 9 പേർ ആശുപത്രിവിട്ടു. ബാക്കിയുള്ള മൂന്ന് പേർ ഇപ്പോഴും ചികിത്സ തുടരുകയാണ്. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ് അധികൃതർ അറിയിക്കുന്നത്.
ഇതിനിടെ പൂനെയിലും ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. ഖേദ് ടെഹ്‌സിലിലെ കോച്ചിംഗ് സെന്ററിലെ 50 വിദ്യാർത്ഥികൾക്കാണ് വിഷബാധയേറ്റത്.
Discussion about this post