ന്യൂഡൽഹി : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമ്മർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു. അപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ഹർജി സ്വീകരിച്ചാൽ ജാമ്യപേക്ഷ തള്ളുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ഒരു അവധിക്കാല ബെഞ്ചാണ് ജാമ്യപേക്ഷ തള്ളുമെന്ന് അറിയിച്ചത്. തുടർന്ന് ഹേമന്ത് സോറന്റെ അഭിഭാഷകനായ കപിൽ സിബലാണ് ജാമ്യാപേക്ഷ പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ ഇടക്കാല ജാമ്യം തേടിയാണ് ഹേമന്ത് സോറൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നത്.
ഹേമന്ത് സോറന്റെ ഹർജി പരിഗണിക്കേണ്ടതില്ലെന്ന് ബെഞ്ച് തീരുമാനിക്കുകയായിരുന്നു. അദ്ദേഹം രണ്ട് വ്യത്യസ്ത ഹർജികൾ സമർപ്പിച്ചിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ അറസ്റ്റിനെ ചോദ്യം ചെയ്തും മറ്റൊന്ന് ജാമ്യം തേടിയും. അതേസമയം ഇഡി സമർപ്പിച്ച കുറ്റപത്രം ജാർഖണ്ഡിലെ പ്രത്യേക കോടതി പരിഗണിച്ചത് ജാമ്യാപേക്ഷയിൽ സൂചിപ്പിച്ചിട്ടില്ലെന്നും വസ്തുതകൾ മറച്ചുവെച്ചുവെന്നും കാട്ടിയാണ് സുപ്രീം കോടതി നിലപാടെടുത്തത്.
എട്ടര ഏക്കർ ഭൂമി തട്ടിയെന്നതിന്റെ പേരിലാണ് തന്നെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. 600 കോടി ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ജനുവരി 31 നാണ് സോറൻ അറസ്റ്റിലായത് . ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളോടൊപ്പം ജെഎംഎം മേധാവിയുടെ കൈവശം 36 ലക്ഷത്തിലധികം രൂപ ഇഡി കണ്ടെടുത്തിരുന്നു. 8.5 ഏക്കർ വിസ്തൃതിയുള്ള ഭൂമി മുൻ മുഖ്യമന്ത്രി സമ്പാദിച്ചതായും ഇത് ക്രിമിനൽ വരുമാനത്തിന്റെ ഭാഗമാണെന്നും ഇഡി ഇയാൾക്കെതിരെ ആരോപിക്കുന്നു










