എറണാകുളം: സംസ്ഥാനത്ത് അടുത്ത മാസം മുതൽ ട്രോളിംഗ് നിരോധനം. ജൂൺ 10 മുതൽ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
ജൂൺ 9 അർധരാത്രി 12 മണി മുതലാകും ട്രോളിംഗ് നിരോധനം ആരംഭിക്കുക. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കും ട്രോളിംഗ്.
മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാ പോലീസ് സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, തുടങ്ങിയവരുമായി യോഗം ചേർന്നിരുന്നു. ഇതിലാണ് അടുത്ത മാസം 10 മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിരോധം നിലനിൽക്കുന്ന കാലയളവിൽ ബോട്ടുകളിൽ മീൻ പിടിച്ചാൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.












