കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന മുംബൈ -അഹമ്മദാബാദ് ഹൈസ്പീഡ് റയില്‍ (534 കിലോമീറ്റര്‍) 2023ല്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. ചെന്നൈ-ഡല്‍ഹി എച്ച്എസ്ആറിനായുള്ള പഠനം ചൈനീസ് കണ്‍സല്‍റ്റിങ് ഏജന്‍സി നടത്തി വരുന്നു. എന്നാല്‍ കേന്ദ്ര പദ്ധതിക്കു മുന്‍പു തന്നെ ആലോചന തുടങ്ങുകയും ഇടയ്ക്കു വച്ചു നിന്നു പോവുകയും ചെയ്ത പദ്ധതിയാണു കേരള ഹൈസ്പീഡ് റെയില്‍(ബുള്ളറ്റ് ട്രെയിന്‍) പദ്ധതി.
സര്‍ക്കാര്‍ ഇതിനു രൂപീകരിച്ച കേരള ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ പദ്ധതി സംബന്ധിച്ചു പഠനം നടത്താന്‍ ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി. 2011ലാണു ഡിഎംആര്‍സി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. വിശദമായ പഠന റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. പദ്ധതിയുടെ വിശദാംശങ്ങളുമായി കേന്ദ്രത്തെ സമീപിക്കാനുള്ള ഒരുക്കത്തിലാണു സംസ്ഥാന സര്‍ക്കാര്‍. വിദേശ വായ്പയും പ്രതീക്ഷിക്കുന്നുണ്ട്. 600 ഹെക്ടര്‍ ഭൂമിയാണു പദ്ധതിക്കു വേണ്ടി വരികയെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.
കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്ത് എത്താന്‍ ദേശീയപാതയിലൂടെ കുറഞ്ഞതു നാലു മുതല്‍ അഞ്ചര മണിക്കൂര്‍ വരെ വേണം. എന്നാല്‍ ബുള്ളറ്റ് ട്രെയിന്‍ ഉണ്ടെങ്കില്‍ 53 മിനിറ്റ് കൊണ്ട് എത്താം. നിലവിലുള്ള ഏതു ഗതാഗത മാര്‍ഗങ്ങളെടുത്താലും ബുള്ളറ്റ് ട്രെയിനായിരിക്കും ഏറ്റവും വേഗത്തില്‍ ജനങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക. ബുള്ളറ്റ് ട്രെയിനുകള്‍ക്കൊപ്പം മെട്രോയും സബേര്‍ബന്‍ റയില്‍വേയും പരസ്പരപൂരകമായി വര്‍ത്തിക്കുന്ന ഒരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നു വിദഗ്ധര്‍ പറയുന്നു. കേരളത്തിലെ റോഡ് സാന്ദ്രത പരിഗണിച്ചാല്‍ ബുള്ളറ്റ് ട്രെയിന്‍ വരേണ്ട കാലം അതിക്രമിച്ചു.
കേരളത്തിനു മുഴുവനായി പ്രയോജനം ലഭിക്കണമെങ്കില്‍ തിരുവനന്തപുരം -കണ്ണൂര്‍ പദ്ധതിയാണ് ആവശ്യമെന്നും ഇതിന്റെ വിശദമായ പഠന റിപ്പോര്‍ട്ട് വൈകാതെ തന്നെ ഡിഎംആര്‍സി സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുമെന്നും ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ നായര്‍ പറഞ്ഞു.
കേരളത്തില്‍ റോഡുകള്‍ വീതി കൂട്ടാനും റയില്‍വേ പാതകള്‍ വികസിപ്പിക്കാനും പരിമിതികളുണ്ട്. ഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ ഹൈസ്പീഡ് റയില്‍വേ പോലെയുള്ള സംവിധാനം വഴി ഗതാഗതം വഴി തിരിച്ചു വിടുകയാണു ചെയ്യാന്‍ കഴിയുക. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇപ്പോളുണ്ടാകുന്ന റോഡപകടങ്ങളുടെ എണ്ണം 30 % കുറയും. 2400 ജീവനുകള്‍ പ്രതിവര്‍ഷം രക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചു ബുള്ളറ്റ് ട്രെയിന്‍ (ഹൈസ്പീഡ് റയില്‍വേ) ശൃംഖല വന്നാല്‍ ഇന്ധന ഇറക്കുമതിയുടെ അളവു ഗണ്യമായി കുറയും. രൂപയുടെ മൂല്യം വര്‍ധിക്കും. പ്രത്യക്ഷമായും പരോക്ഷമായും ഒട്ടേറെ പേര്‍ക്കു ജോലി ലഭിക്കുന്നതോടൊപ്പം പുതിയ തൊഴില്‍ മേഖലകളും തുറക്കും. ഏതു വലിയ പദ്ധതിയും സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാക്കുന്നവയാണ്.
മൊബൈല്‍ ഫോണിനു ശേഷം നമ്മുടെ ജീവിതം മാറ്റി മറിക്കുന്ന അടുത്ത സാങ്കേതിക മുന്നേറ്റമായാണ് ബുള്ളറ്റ് ട്രെയിനുകളെ വിശേഷിപ്പിക്കുന്നത്. ബുള്ളറ്റ് ട്രെയിനുകളുടെ വരവോടെ ദൂരങ്ങള്‍ ഇല്ലാതാകും. അതായത് രാവിലെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലെത്തി ജോലി ചെയ്തു വൈകുന്നേരം വീട്ടില്‍ പോകാന്‍ കഴിയുന്ന കാലം സ്വപ്‌നമല്ല.
Discussion about this post