സൂപ്പർ സ്റ്റാറായ തന്റെ ജേഷ്ഠനെ ചർച്ചയ്ക്ക് വിളിച്ച് വരുത്തി അപമാനിച്ചിറക്കി വിട്ട മുഖ്യമന്ത്രിയ്ക്ക് ഒരു മറുപടി നൽകാൻ മുണ്ടും മടക്കിക്കുത്തി ആ കുഞ്ഞനുജൻ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരു സർക്കാരിന്റെ തന്നെ ആണിക്കല്ലിളകുകയായിരുന്നു. സൂപ്പർ സ്റ്റാർ ചിരഞ്ജീവിയ്ക്ക് വേണ്ടി അന്ന് കളത്തിലിറങ്ങിയ പവൻ കല്യാൺ എന്ന ആ യുവാവിനെ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വിശേഷിപ്പിച്ചത് കൊടുങ്കാറ്റ് എന്നാണ്. ആന്ധ്രയിൽ പുതിയ സർക്കാർ അധികാരമേറ്റ വേദിയിൽ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ചന്ദ്ര ബാബു നായിഡുവിനുമൊപ്പം പവൻ കല്യാൺ എന്ന സൂപ്പർ സ്റ്റാർ തിളങ്ങി നിൽക്കുകയായിരുന്നു..
2022 ജനുവരി 14, പവൻ കല്യാണിന്റെ ജീവിതത്തിലെ വഴിത്തിരിവിന് കാരണമായ ദിവസമായിരുന്നു അത്. ആന്ധ്രാപ്രദേശ് സർക്കാർ തീയറ്ററുകൾക്ക് മേൽ കൊള്ള നികുതി ചുമത്തി. താരങ്ങളുടെ ബോക്‌സ് ഓഫീസ് പുള്ളിംഗ് അനുസരിച്ച് ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. മഹേഷ് ബാബുവിന്റെ ഉൾപ്പെടെയുള്ള തീയറ്ററുകളുടെ നിരക്ക് ഇരട്ടിയാക്കി. തങ്ങൾക്ക് നേരെ നടക്കുന്ന അനീതിക്കെതിരെ സിനിമാ രംഗത്തുള്ളവർ ഒന്നിച്ച് ശക്തമായി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ജഗനുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താൻ ചുമതപ്പെടുത്തിയത് സൂപ്പർസ്റ്റാർ ചിരഞ്ജീവിയെ ആയിരുന്നു.
ജഗൻ ചർച്ചയ്ക്ക് സമ്മതിച്ചതോടെ ഗണ്ണവാരത്തെ അദ്ദേഹത്തിന്റെ വസതിയിൽ ചിരഞ്ജീവി ചർച്ചയ്‌ക്കെത്തി. എന്നാൽ, ടിവി ചാനലുകൾ ഒന്നാകെ ലൈവ് ആയി സംപ്രേക്ഷണം ചെയ്തിരുന്ന ആ ചർച്ചയിൽ ചിരഞ്ജീവിയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു. അദ്ദേഹം മുന്നോട്ട് വച്ച ആവശ്യങ്ങളോ നിർദേശങ്ങളോ ഒന്നും ജഗൻ അംഗീകരിച്ചില്ല. അപമാനിതനായി തങ്ങളുടെ സൂപ്പർ സ്റ്റാർ ജഗന്റെ വസതിയിൽ നിന്നും ഇറങ്ങി പോകുന്നതിന് അന്ന് തെലുങ്ക് മക്കൾ മുഴുവൻ സാക്ഷിയായി. മാദ്ധ്യമങ്ങളോട് ഒരു വാക്ക് പോലും പ്രതികരിക്കാതെ അന്ന് ചിരഞ്ജീവി മടങ്ങി…
ഇതിനിടെ ജഗന് മുൻപിൽ കൈ കൂപ്പി നിൽക്കുന്ന ചിരഞ്ജീവിയുടെ ചിത്രം ആന്ധ്രാ സർക്കാരിന്റെ പിആർഡി മാദ്ധ്യമങ്ങൾക്ക് കൈമാറി. ഇതോടെ വിഷയം കൂടുതൽ ആളിക്കത്തി, എന്നാൽ, അപ്പോഴും മാദ്ധ്യമങ്ങൾക്ക് മുൻപിൽ ചിരഞ്ജീവി മൗനം പാലിച്ചു. അവിടം കൊണ്ടും അവസാനിപ്പിക്കാൻ ജഗൻ തയ്യാറായിരുന്നില്ല. ആന്ധ്രയിലെ തീയറ്ററുകളിൽ വ്യാപകമായി റെയ്ഡുകൾ നടത്തി. അന്യഭാഷാ ചിത്രങ്ങൾ തടയുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തി.
ഈ സമയം, ഇളയ അനുജൻ പവൻ കല്യാൺ ചിരഞ്ജീവിയെ കാണാനെത്തി. കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ, അന്ന് ആ സഹോദരങ്ങൾ ഒരു ദൃഢ നിശ്ചയമെടുത്തു. ഈ അനീതിക്കെതിരെ പ്രതികരിക്കുക. പിന്നാലെ, മാദ്ധ്യമങ്ങളെ കണ്ട ചിരഞ്ജീവിയും പവനും ആദ്യമായി വിഷയത്തിൽ മൗനം വെടിഞ്ഞു. ജഗനെതിരെ രൂക്ഷ വിമർശനവുമായി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. ജഗന്റെ സർക്കാരിനെ തൂത്തെറിയുക എന്ന ലക്ഷ്യത്തിലേക്കുള്ള അടുത്ത പടിയെന്നോണം 2014ൽ താൻ രൂപീകരിച്ച ജനസേനയെ എൻഡിഎയുമായി ചേർക്കുക എന്നതായിരുന്നു പവൻ ചെയ്തത്.
ജനസേന പാർട്ടിയെ ശക്തിപ്പെടുത്താനുള്ള അതികഠിനമായ ശ്രമങ്ങളിലായിരുന്നു പിന്നീട് പവൻ. ഒരിക്കൽ, പാർട്ടി പരിപാടി കഴിഞ്ഞ് അമരാവതിയിലേക്ക് വന്ന പവനെ ജഗന്റെ പോലീസുകാർ തടഞ്ഞു. തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. പിന്നീടവിടെ നടന്നത് ആക്ഷൻ സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു. തന്നെ തടഞ്ഞ പോലീസുകാരെ ജീപ്പിന് മുകളിൽ കയറി ഇരുന്ന് കൊണ്ട് പവൻ വെല്ലുവിളിച്ചു. ‘ബൈ ബൈ ജഗൻ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അന്നാണ് പവനെന്ന ആ കൊടുങ്കാറ്റിൽ ആന്ധ്രയിലെ രാഷ്ട്രീയം ശരിക്കും മാറി മറിഞ്ഞത്. പവന്റെ ‘ബൈ ബൈ ജഗൻ’ മുദ്രാവാക്യം തെലുങ്ക് ജനത ഏറ്റെടുത്തു. ശക്തമായ കരുനീക്കങ്ങളായിരുന്നു പിന്നീടങ്ങോട്ട് പവൻ നടത്തിയത്. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും നേരിൽ കണ്ടു. എൻഡിഎയുമായുള്ള സഖ്യത്തിന് കൂടുതൽ കരുത്തേകി. അടുത്ത ഡൽഹി വരവിൽ അദ്ദേഹത്തിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു തെലുഗ് ദേശം പാർട്ടിയുടെ അമരക്കാരാനായ ചന്ദ്രബാബു നായിഡു… നായിഡുവിന്റെ ടിഡിപിയുമായി ജനസേന കൈകോർക്കുന്നുവെന്ന് പവൻ പ്രഖ്യാപിച്ചു. അങ്ങനെ അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള സൈന്യം പവൻ സജ്ജമാക്കി…
നിയമസഭ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളെ ഒരുപോലെ നേരിട്ടു.. ആന്ധ്രയിൽ നിയമസഭയിലേക്ക് ജനസേന മത്സരിച്ചത് 21 സീറ്റുകളിലേക്ക്. 21 സീറ്റുകളും കൈപ്പിടിയിലാക്കി. കണ്ണുവച്ച രണ്ടു ലോക്‌സഭാ സീറ്റുകളും നേടി. കാക്കിനാഡ ജില്ലയിലെ പിതാപുരത്ത് നിന്നും വൈഎസ്ആർ കോൺഗ്രസിന്റെ മുതിർന്ന നേതാവ് വംഗ ഗീതയെ 70000 ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പവൻ നിലംപരിശാക്കി. 175 അംഗങ്ങളുള്ള ആന്ധ്രാ നിയമസഭയിലെ 164 സീറ്റുകളും ലോക്‌സഭാ സീറ്റുകളിലെ 25 ൽ 21 സീറ്റുകളും നേടിക്കൊണ്ട് എൻഡിഎ കോൺഗ്രസിനെയും വൈ,എസ്,ആർ,പിയെയും നിലം പരിശാക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിലെല്ലാം ജയിച്ച് ചരിത്രം കുറിച്ച് ജേഷ്ഠൻ നേരിട്ട അപമാനത്തിന് കണക്കും പറഞ്ഞ് പവൻ അമരാവതിയിലെത്തി, തന്റെ സൂപ്പർ ചേട്ടന്റെ അനുഗ്രഹം വാങ്ങാനായി.. നിറകണ്ണുകളോടെ തന്റെ അനുജനെ ചിരഞ്ജീവി മാലയിട്ട് സ്വീകരിച്ചു. അതൊരു സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ് സീൻ തന്നെയായിരുന്നു.
ജൂൺ 12 ബുധനാഴ്ച്ച അമരാവതിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ പവൻ കല്യാൺ ഉപമുഖ്യമന്രിിനയായി സത്യപ്രതിജ്ഞ ചെയ്തു. അനീതിക്കെതിരെ പ്രതികരിച്ചതിന് തന്റെ കുടുംബത്തെ അപമാനിച്ച ഒരു ഭരണകൂടത്തെ തന്നെ ഇളക്കിമാറ്റാൻ കഴിഞ്ഞ സംതൃപ്തിയോടെയായിരുന്നു ആ സത്യപ്രതിജ്ഞ.. ആന്ധ്രയിലപ്പോൾ കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തതയും…
Discussion about this post