മുംബൈ: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ പുനർവിവാഹിതയാകുന്നു എന്ന വാർത്ത സാമൂഹിക മാദ്ധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയാണ് സാനിയയെ വിവാഹം കഴിക്കാൻ പോകുന്നത് എന്ന തരത്തിലാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾ. മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഷോയബ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹബന്ധം അടുത്തയിടെ വേർപിരിഞ്ഞിരുന്നു.
അതേസമയം മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹബന്ധവും വേർപിരിഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇവർക്കായി വിവാഹാലോചന നടന്നത്. എന്നാൽ വാർത്തകളോട് ഷമിയും സാനിയയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഒരു തരത്തിലുള്ള പ്രതികരണങ്ങളും ഇതുവരെ നടത്തിയിരുന്നില്ല.
അതിനിടെ വിവാഹ വേഷത്തിലുള്ള സാനിയയുടെയും ഷമിയുടെയും ചിത്രങ്ങളും ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇവ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
സാനിയ- ഷമി വിവാഹം നടന്നുകഴിഞ്ഞു എന്ന തരത്തിൽ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഔദ്യോഗിക പ്രതികരണവുമായി സാനിയയുടെ പിതാവ് ഇമ്രാൻ രംഗത്ത് വന്നിരിക്കുന്നത്. മകളുടെ പുനർവിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തികഞ്ഞ അസംബന്ധമാണ് എന്നായിരുന്നു ദേശീയ മാദ്ധ്യമത്തോട് അദ്ദേഹം പ്രതികരിച്ചത്. സാനിയയും ഷമിയും ഇതുവരെ നേരിട്ട് കണ്ടിട്ട് പോലുമില്ലെന്നും അദ്ദേഹം അറിയിച്ചു.
മുൻ പാക് ക്രിക്കറ്റ് താരം ഷോയബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം അക്കാലത്ത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വരെ ആഘോഷമാക്കിയിരുന്നു. എന്നാൽ അടുത്തയിടെ സാനിയയുമായുള്ള ബന്ധം വേർപെടുത്തിയ മാലിക്ക് പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചിരുന്നു. ഇതിനിടെ സാനിയ ഹജ്ജിന് പോയ വാർത്തകളും സാമൂഹിക മാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
Leave a Comment