ചെന്നൈ: തമിഴ്‌നാട്ടിൽ വീടിന് അസ്ഥിവാരം കീറുന്നതിനിടെ വിഗ്രഹം കണ്ടെത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള വിഷ്ണു ഭഗവാന്റെ വിഗ്രഹം ആണ് കണ്ടെത്തിയത്. തിരുവരൂരിലെ മണ്ണാർഗുഡിയിൽ ആയിരുന്നു സംഭവം.
സഞ്ജീവ് സ്ട്രീറ്റിലെ താമസക്കാരൻ ആയ നടരാജന്റെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ നിന്നായിരുന്നു വിഗ്രഹം കണ്ടെടുത്തത്. പുതിയ വീട് നിർമ്മിക്കുന്നതിനായി അസ്ഥിവാരം എടുക്കുകയായിരുന്നു. ഇതിനിടെയാണ് തൊഴിലാളികൾ വിഗ്രഹം കണ്ടത്. ഉടനെ വിവരം നടരാജിനെ അറിയിക്കുകയായിരുന്നു. നടരാജ് പോലീസിനെ അറിയിച്ചു.
വിഷ്ണു നിൽക്കുന്ന പെരുമാൾ വിഗ്രഹം ആണ് ലഭിച്ചത്. 12ാം നൂറ്റാണ്ടിലേത് ആണ് ഈ വിഗ്രഹം എന്നാണ് പ്രാഥമിക വിവരം. ചോള രാജവംശം ആയിരുന്നു അന്ന് ഈ മേഖല ഭരിച്ചിരുന്നത്. വിഗ്രഹം വിശദമായ പരിശോധനയ്ക്കായി പുരാവസ്തു വകുപ്പിന് പോലീസ് കൈമാറി.
ഒന്നരയടിയാണ് വിഗ്രഹത്തിന്റെ ഉയരം. പഞ്ചലോഹത്തിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. ചോളരുടെ കാലഘട്ടവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ വിഗ്രഹത്തിൽ നിന്നും കണ്ടെത്താൻ കഴിയുമെന്നാണ് നിഗമനം. വിഗ്രഹം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധനകൾ പുരോഗമിക്കുകയാണ്.











