തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്.
അസിസ്റ്റന്റ് കമീഷണര്‍ സുധാകരപിള്ളയോടാണ് ദക്ഷിണമേഖല ഐ.ജി. വിശദീകരണം ആവശ്യപ്പെട്ടത്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച സംബന്ധിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മറുപടി അയയ്ക്കണം.
ടി.പി ശ്രീനിവാസന് അക്രമിക്കപ്പെട്ട സംഭവം പോലീസ് സേനയ്ക്കുണ്ടായ നാണക്കേടാണെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. കൃത്യവിലോപം, മനുഷ്യാവകാശ ലംഘനം എന്നിവ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനോട് വിശദീകരണം തേടണമെന്ന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് ഐ.ജിയുടെ നടപടി.
വെള്ളിയാഴ്ച ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാന്‍ കോവളത്തെത്തിയ ശ്രീനിവാസനെ യാതൊരു പ്രകോപനവും കൂടാതെ എസ്.എഫ്.ഐ തിരുവനന്തപുരം സംസ്ഥാന പ്രസിഡന്റ് ജെ.എസ് ശരത് കരണത്ത് അടിക്കുകയായിരുന്നു. മുഖത്തേറ്റ അടിയുടെ ആഘാതത്തില്‍ നിലത്തു വീണ ശ്രീനിവാസന് എഴുന്നേല്ക്കാന് സഹായിക്കുകയോ സംരക്ഷണം ഒരുക്കാനോ സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ ശ്രമിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം നോക്കി നിന്ന രണ്ട് എസ്.ഐമാരെയും മൂന്ന് പൊലീസുകാരെയും തൃശൂര്‍ പൊലിസ് അക്കാദമിയിലേക്ക് നിര്‍ബന്ധ പരിശീലനത്തിന് അയച്ചിട്ടുണ്ട്.
Discussion about this post