കൊച്ചി: സോളാര്‍ കേസില്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കേസിലെ പ്രതി സരിത നായര്‍ കമീഷന് മുമ്പാകെ ഹാജരാക്കി. മൂന്ന് സി.ഡികളും രേഖകകളുമാണ് കൈമാറിയത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി , കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന് എ.എല്‍.എ, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് , വ്യവസായി എബ്രഹാം കണ്ണിമല എന്നിവരുമായുള്ള സംഭാഷണത്തിന്റെ സി.ഡികളാണ് സരിത കൈമാറിയത്. സി.ഡി കമ്മീഷന് തെളിവായി സ്വീകരിച്ചു.
ഒരു സിഡിയില്‍ എബ്രഹാം കലമണ്ണുമായി സംസാരിച്ചതിന്റെ ദൃശ്യങ്ങളും രണ്ട് സിഡികളില്‍ കോണ്‍ഗ്രസ് നേതാക്കളും സലിം രാജുമായും നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖകളുമാണുള്ളത്. 2014-16 കാലയളവില്‍ നടത്തിയ സംഭാഷണങ്ങളെല്ലാം സിഡിയിലുണ്ടെന്നും സരിത സോളാര്‍ കമീഷനെ അറിയിച്ചു.
സോളാര്‍ കമീഷനില്‍ തെളിവ് നല്കിയ ശേഷമാണ് താനുമായി കാണണമെന്നാണ് എബ്രഹാം കലമണ്‍ ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. തെളിവുകള്‍ നശിപ്പിക്കാന്‍ കലമണ്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സിഡിയിലുണ്ട്. മുഖ്യമന്ത്രിക്ക് കലമണിനെ പരിചയപ്പെടുത്തിയത് താനാണെന്നും സരിത പറഞ്ഞു.
ആദിവാസി മേഖലകളില്‍ സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി കത്ത് നല്‍കിയെന്ന് സരിത മൊഴി നല്കി. പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യണമെന്നും കത്തില്‍ പറയുന്നുണ്ടെന്ന് സരിത പറഞ്ഞു. കത്തിന്റെ പകര്‍പ്പ് കമീഷന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.
ഇതുവരെ നല്കിയ മൊഴികളെ സാധൂകരിക്കുന്ന തെളിവുകള്‍ സി.ഡിയില്‍ ഉണ്ടെന്ന് സരിത കമ്മിഷനോട് വ്യക്തമാക്കി. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് വ്യവസായി എബ്രഹാം കലമണ്ണിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയെന്നും സരിത കമ്മിഷനോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തിയ തന്റെ ഡയറിയിലെ രണ്ട് പേജുകളും കമീഷന് സരിത കൈമാറിയിട്ടുണ്ട്. 2012ല്‍ രത്ന ബാബുരാജിന്റെ ഭൂമി പോക്കുവരവ് നടത്താന്‍ വേണ്ടി അപേക്ഷ നല്‍കിയത് താനാണെന്ന് സരിത പറഞ്ഞു.
ഈ അപേക്ഷയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറോട് നിര്‍ദേശിക്കുന്ന കുറിപ്പ് മുഖ്യമന്ത്രി എഴുതിയിട്ടുണ്ട്. അപേക്ഷയുടെ പകര്‍പ്പും സരിത കമീഷന് നല്കി. കൂടാതെ പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ജെറ്റ് എയര്‍വേസിനോട് ആവശ്യപ്പെട്ട യാത്രാ വിവരങ്ങളുടെ പകര്‍പ്പുകളും ഹാജരാക്കിയിട്ടുണ്ട്.
അതേസമയം, തെളിവുകളുടെ ആധികാരികതയില്‍ സര്‍ക്കാര്‍ അഭിഭാഷകന് സംശയം പ്രകടിപ്പിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സരിത സോളര്‍ കമ്മിഷനില്‍ പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ സരിത താന്‍ പീഡിപ്പിക്കപ്പെട്ടതായി നേരത്തെ മൊഴി നല്‍കിയിരുന്നു. സിജെഎം എന്‍.വി. രാജുവിനെ വിസ്തരിച്ചപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സരിത അവസാനമായി പറഞ്ഞതെന്ന് മൊഴി നല്‍കിയതായി കമ്മിഷന് പറഞ്ഞു. സിജെഎമ്മിന്റെ മൊഴി ശരിയാണെന്ന് സരിത സമ്മതിച്ചു.
Discussion about this post