തന്റെ പുതിയ സിനിമയായ ‘മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ’ ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സംവിധായകൻ ദീപു നാരായണൻ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അനശ്വരയും ഇന്ദ്രജിതുമാണ് ചിത്രത്തിലെ നായിക നായകൻമാർ. ചിത്രത്തിൻറെ പ്രമോഷന് സഹകരിക്കാൻ നായിക വൈമുഖ്യം കാണിക്കുന്നുവെന്നാണ് അദ്ദേഹത്തിൻറെ ആരോപണം.
കാലു പിടിച്ചു പറഞ്ഞിട്ടും ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇടാൻ പോലും നായിക തയ്യാറായില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പരിപൂർണമായി സഹകരിച്ച താരം എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ദീപു കരുണാകരൻ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ദീപു കരുണാകരന്റെ വാക്കുകൾ:
ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്നോട് ഏറ്റവും കൂടുതൽ സഹകരിച്ച വ്യക്തിയാണ് അവർ. പല സമയത്തും, സിനിമ നിന്നു പോകുമെന്ന അവസ്ഥ എത്തിയപ്പോൾ പോലും, ‘സർ… ഞാൻ കൂടെ ഉണ്ട് നമുക്ക് ചെയ്തു തീർക്കാം’ എന്ന് പറഞ്ഞ് ഒപ്പം നിന്നിട്ടുണ്ട്. പക്ഷേ, സിനിമയുടെ പ്രമോഷന്റെ കാര്യം പറഞ്ഞപ്പോൾ സഹകരിക്കാതെ വന്നത് എന്നെ അദ്ഭുതപ്പെടുത്തി.
പല പ്രാവശ്യം അവരുടെ അമ്മയുമായും മാനേജരുമായും സംസാരിച്ചു. കാലു പിടിച്ചു പറയേണ്ട അവസ്ഥ പോലും ഉണ്ടായി. അപ്പോൾ അമ്മ പറഞ്ഞു, ‘എനിക്കൊരു പരിധി കഴിഞ്ഞ് ഇതിനകത്ത് ഒന്നും പറയാൻ പറ്റില്ല, ആ കുട്ടിയുടെ തീരുമാനം അല്ലേ’ എന്ന്. മാനേജരെ വിളിക്കുമ്പോൾ, ‘ദാ ഇപ്പോൾ ഇടുന്നു…. അഞ്ച് മിനിറ്റിൽ ഇടും… പത്തു മിനിറ്റിൽ ഇടും….’ എന്നു പറയുന്നതല്ലാതെ ഒന്നും നടന്നില്ല. ഒടുവിൽ, സിനിമയിലെ ഹീറോ ആയ ഇന്ദ്രജിത്ത് അവരെ നേരിട്ടു വിളിച്ചു. ‘ഈ ചെയ്യുന്നത് മോശമാണ്… നിങ്ങൾ പ്രമോഷൻ ചെയ്യണം… നമ്മുടെ സിനിമയല്ലേ’ എന്നു പറഞ്ഞു. ശരിയെന്നു പറഞ്ഞ് ഇന്ദ്രജിത്തിനോട് മാത്രം സംസാരിച്ചിട്ട് അവർ ഫോൺ വയ്ക്കുകയായിരുന്നു.
സിനിമയുടെ ഓഡിയോ റൈറ്റ്സ് ഒരു കമ്പനിക്ക് 10 ലക്ഷം രൂപയ്ക്ക് കൊടുത്തിരുന്നു. അവർ പ്രധാനമായും ശ്രമിക്കുന്നത് പാട്ടിന് ഇൻസ്റ്റയിൽ റീച്ച് വരുത്തുക എന്നതിലാണ്. സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ ഇൻസ്റ്റ പേജിൽ ഒരു പ്രമോഷൻ പോസ്റ്റ് ഇടാനാണ് അവരോട് ആവശ്യപ്പെട്ടത്. പക്ഷേ, അവർ അതിനു തയാറായില്ല. മ്യൂസിക് കമ്പനിയുടെ ഭാഗത്തു നിന്ന് എനിക്ക് ഭയങ്കര പ്രഷർ ആയി. പ്രമോഷനു വിളിച്ചപ്പോൾ ‘ഏതെങ്കിലും ഒരു ദിവസം നോക്കട്ടെ’ എന്ന തരത്തിലായി പ്രതികരണം.
സിനിമയിലെ നാലു പാട്ടുകൾ ഇറങ്ങിയിട്ടുണ്ട്. ഒന്നിനും കാര്യമായി പ്രമോഷൻ ഇൻസ്റ്റയിൽ കൊടുക്കാൻ പറ്റിയില്ല. മ്യൂസിക് കമ്പനി ആവശ്യപ്പെടുന്നത് ഇൻസ്റ്റയിലെ റീച്ച് ആണ്. ഈ യുവതാരത്തിന്റെ ഒരു ഫെയ്സ്ബുക് അക്കൗണ്ട് ഉണ്ട്. ആരാധകർ ഹാൻഡിൽ ചെയ്യുന്നൊരു പേജ്. അതിൽ പാട്ടിന്റെ കാര്യങ്ങൾ പ്രൊമോട്ട് ചെയ്തു. അല്ലാതെ, അവർ ഒഫിഷ്യൽ പേജിൽ അതു ചെയ്തില്ല. പല സിനിമകളുടെയും പ്രമോഷൻ അവർ സ്വന്തം പേജിൽ ചെയ്യാറുള്ളതാണ്. ഈ സിനിമയുടേത് എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് അറിയില്ല. എന്തുകൊണ്ട് ഇങ്ങനെ എന്നത് വ്യക്തമാക്കിയതും ഇല്ല.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിലീസ് പ്രഖ്യാപിച്ച സിനിമയായിരുന്നു ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’. എന്നാല്‍ ചില കാരണങ്ങളാല്‍ അന്ന് സിനിമയുടെ റിലീസ് നടന്നില്ല. ഈ വര്‍ഷം സിനിമ തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായകനും അണിയറപ്രവര്‍ത്തകരും. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അര്‍ജുന്‍ ടി സത്യന്‍ ആണ്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനാണ് നിര്‍മാണം. ഡയാന ഹമീദ്, റോസിന്‍ ജോളി, ബൈജു പപ്പന്‍, രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, മനോഹരി ജോയ്, ജിബിന്‍ ഗോപിനാഥ്, ലയ സിംപ്‌സണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
Discussion about this post