തിരുവനന്തപുരം; ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്ന സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എംവി ഗോവിനന്ദന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വന്നത് എന്തായാലും നന്നായി എന്നും, എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കാൻ നിങ്ങൾ അയക്കുന്ന ദേവസ്വം മന്ത്രിയേയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ശ്രീകോവിലിൽ നടതുറക്കുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നവരെയും തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ദേവനെ കൈക്കൂപ്പാൻ മടിയുള്ളവരെയുമൊന്നും ക്ഷേത്രങ്ങളിലേക്ക് അയക്കരുത്. ഇനിയും ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നായിരുന്നു കെ സുരേന്ദ്രന്റെ ഓർമ്മപ്പെടുത്തൽ.
വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദി വിശ്വാസിയുമല്ല. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു ഇന്നലെ കോഴിക്കോട് ഒരു ചടങ്ങിൽ വച്ച് എംവി ഗോവിന്ദൻ പറഞ്ഞത്.












