മലപ്പുറം : മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരും പൊന്നാനിയിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ 3 പേർക്കുമാണ് രോഗം.
പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്പൂരിൽ വിവിധ ഭാഷ തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
രോഗം വ്യാപനം തടയാൻ പ്രതിരോധ നടപടികൾ തുടങ്ങിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. പനിയോടൊപ്പം ശക്തമായ കുളിരും തലവേദനയും പേശി വേദനയുമാണ് മലമ്പനിയുടെ ലക്ഷണങ്ങൾ. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്ന് ദിവസം കൂടുമ്പോഴോ ആവർത്തിക്കുക, മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നിവയും ഉണ്ടാകാറുണ്ട്. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങൾ മാത്രമായും മലമ്പനി കാണാറുണ്ട്.കൊതുക് കടിയേൽക്കാതെ സ്വയം സംരക്ഷണമൊരുക്കിയാൽ മലമ്പനിയിൽ നിന്നും രക്ഷനേടാവുന്നതാണ്.
Discussion about this post