ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ജവാന് വീരമൃത്യു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നോൺ കമ്മീഷൻഡ് ഓഫീസറാണ് വീരമൃത്യുവരിച്ചത്. ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.
കുപ്വാരയിലെ കൗന്ത് മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെ മറഞ്ഞ് നിന്നിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയായിരുന്നു ജവാന് പരിക്കേറ്റത്.
ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്കുകൾ ഗുരുതരമുള്ളതിനാൽ ചികിത്സയ്ക്കിടെ ആശുപത്രിയിൽ മരിക്കുകയായിരുന്നു.
അതേസമയം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന നിഗമനത്തെ തുടർന്നാണ് പരിശോധന നടത്തുന്നത്. പ്രദേശം പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാണ് സുരക്ഷാ സേന അറിയിച്ചു.









