ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്ബോട്ട് ആയ ചാറ്റ്ജിപിടിയുടെ നിർമ്മാതാക്കളായ ഓപ്പൺ എഐ പുതിയ ഒരു സെർച്ച് എഞ്ചിൻ പുറത്തിറക്കിയിരിക്കുകയാണ്. സെർച്ച് ജിപിടി എന്നാണ് ഈ എഐ സെർച്ച് എഞ്ചിന് പേര് നൽകിയിരിക്കുന്നത്. ഈ പുതിയ ഫീച്ചർ നിലവിൽ ‘പ്രോട്ടോടൈപ്പ്’ ഘട്ടത്തിലാണ് എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്.
നിലവിൽ ഒരു ചെറിയ കൂട്ടം ഉപയോക്താക്കൾക്ക് മാത്രമേ ഈ സേവനം ആക്‌സസ് ചെയ്യാൻ കഴിയുകയുള്ളൂ. സമീപഭാവിയിൽ ചാറ്റ്ജിപിടിയുമായി സെർച്ച് ജിപിടിയുടെ കഴിവുകൾ സമന്വയിപ്പിക്കാനാണ് ഓപ്പൺ എഐ പദ്ധതിയിടുന്നത്. എഐ മോഡലുകളുടെ ശക്തിയും വെബിൽ നിന്നുള്ള വിവരങ്ങളും സംയോജിപ്പിച്ച് വേഗത്തിലും സമയബന്ധിതമായും വ്യക്തമായ ഉത്തരങ്ങൾ നൽകുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് പുതിയ തിരയൽ സംവിധാനം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകാൻ രൂപകൽപ്പന ചെയ്ത എ ഐ പവേർഡ് സെർച്ച് എഞ്ചിനാണ് സെർച്ച് ജിപിടി. പരമ്പരാഗത രീതിയിലുള്ള തിരയൽ ഫലങ്ങൾക്കുപകരം, നിങ്ങൾ തിരയുന്ന കാര്യങ്ങളെക്കുറിച്ചുള്ള പ്രാഥമിക വിവരം ഒരു വലിയ ബോക്സിൽ നൽകുകയും തുടർന്ന് നിങ്ങൾക്ക് വിശദമായ, ഘട്ടം ഘട്ടമായുള്ള പ്രതികരണം അനുബന്ധ ചിത്രങ്ങളോടൊപ്പം ലഭിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് സെർച്ച് ജിപിടിയുടെ സവിശേഷത.
Discussion about this post