പാരിസ് : തിരുവനന്തപുരത്ത് നടന്ന 61-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ഒരു കൊച്ചു പയ്യൻ ഇന്ന് ലോകത്തിന്റെ നെറുകയിലേറി രാജ്യത്തിന് തന്നെ അഭിമാനം ആയിരിക്കുകയാണ്. 2024 പാരിസ് ഒളിമ്പിക്സിലെ വെങ്കല നേട്ടം കൊണ്ട് ഇന്ത്യൻ ജനതയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് സ്വപ്നിൽ സുരേഷ് കുസാലെ. ഏറെ കഠിനമായ ജീവിതപാത താണ്ടി വന്നാണ് സ്വപ്നിൽ ഈ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
1995 ഓഗസ്റ്റ് ആറിന് മഹാരാഷ്ട്രയിലെ കോലാപ്പൂരിലെ കമ്പൽവാടിയിലുള്ള ഒരു കർഷക കുടുംബത്തിലാണ് സ്വപ്നിൽ ജനിച്ചത്. മകനെ കുറിച്ച് ഏറെ സ്വപ്നങ്ങൾ ഉണ്ടായിരുന്ന പിതാവ് സുരേഷ് കുസാലെ അവനെ ഒരു കായികതാരം ആക്കണമെന്ന് ആഗ്രഹിച്ച് മഹാരാഷ്ട്ര സർക്കാരിന്റെ കായിക പ്രബോധിനി സ്പോർട്സ് പ്രോഗ്രാമിൽ ചേർത്തു. ആദ്യവർഷത്തെ ശാരീരിക പരിശീലനങ്ങൾക്ക് ശേഷം തന്റെ പ്രധാന കായിക ഇനമായി ഷൂട്ടിംഗ് ആയിരുന്നു സ്വപ്നിൽ തിരഞ്ഞെടുത്തത്.
ജൂനിയർ തലത്തിൽ തന്നെ നിരവധി മെഡലുകൾ സ്വന്തമാക്കിയെങ്കിലും സ്വന്തമായി ഒരു റൈഫിൾ വാങ്ങുക എന്നുള്ളതായിരുന്നു സ്വപ്നിലിന്റെ അക്കാലത്തെ ഏറ്റവും വലിയ ലക്ഷ്യം. 50 മീറ്റർ റൈഫിൾ പ്രോൺ വിഭാഗത്തിൽ കുവൈറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണ മെഡൽ നേടിയ സ്വപ്നിലിന് 2015ലാണ് റെയിൽവേയിൽ ജോലി ലഭിക്കുന്നത്. റെയിൽവേയിൽ ടിക്കറ്റ് കളക്ടർ ആയി ജോലി ചെയ്ത് ലഭിച്ചിരുന്ന ശമ്പളം കൂട്ടി വച്ചാണ് മാസങ്ങൾക്ക് ശേഷം സ്വപ്നിൽ തന്റെ ആദ്യത്തെ റൈഫിൾ സ്വന്തമാക്കുന്നത്. അതുവരെയും മഹാരാഷ്ട്ര സർക്കാർ സ്പോൺസർ ചെയ്തിരുന്ന ഒരു റൈഫിൾ ആയിരുന്നു സ്വപ്നിൽ ഉപയോഗിച്ചിരുന്നത്.
50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസ് ഇനത്തിൽ 2024 ഒളിമ്പിക്സ് ഫൈനലിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായി സ്വപ്നിൽ കുസാലെ മാറിയതോടെ അദ്ദേഹത്തിന്റെ കുടുംബവും രാജ്യവും വലിയ ആവേശത്തിൽ ആയിരുന്നു. ഫൈനലിൽ 451.4 എന്ന മികച്ച സ്കോറോടെ വെങ്കലമെഡൽ നേടി കൊണ്ട് ഇന്ത്യയുടെ അഭിമാന കിരീടത്തിലെ പൊൻതൂവൽ ആയി മാറിയിരിക്കുകയാണ് സ്വപ്നിൽ കുസാലെ.
Discussion about this post