പാരീസ് : 2024 പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ. പുരുഷ ഗുസ്തിയിൽ 57 കിലോഗ്രാം ഫ്രീ സ്റ്റൈലിൽ ഇന്ത്യൻ താരം അമൻ സെഹ്‌രാവത് സെമി ഫൈനൽ യോഗ്യത നേടി. ക്വാർട്ടർ ഫൈനലിൽ അൽബേനിയയുടെ സെലിംഖാൻ അബാകറോവിനെ തോൽപ്പിച്ചാണ് അമൻ സെഹ്‌രാവത് സെമിയിൽ പ്രവേശിച്ചത്.
സാങ്കേതിക മികവിൻ്റെ അടിസ്ഥാനത്തിൽ പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയിച്ച അമൻ 8-ാം റൗണ്ടിലും അതേ രീതിയിൽ വിജയം ആവർത്തിക്കുകയായിരുന്നു. നേരത്തെ നടന്ന പതിനാറാം റൗണ്ട് മത്സരത്തിൽ നോർത്ത് മാസിഡോണിയൻ താരത്തെ തോൽപ്പിച്ചാണ് അമൻ സെഹ്‌രാവത് ക്വാർട്ടറിൽ പ്രവേശിച്ചിരുന്നത്.
21 വയസ്സുകാരനായ അമന്റെ കന്നി ഒളിമ്പിക്സ് ആണ് 2024 പാരീസ് ഒളിമ്പിക്സ്. ഈ വർഷത്തെ ഒളിമ്പിക്സിന് ഇന്ത്യയിൽ നിന്നും യോഗ്യത നേടിയിട്ടുള്ള ഏക പുരുഷ താരവും കൂടിയാണ് അമൻ. 11-0 എന്ന മികച്ച സ്കോറിന് അൽബേനിയയുടെ സെലിംഖാൻ അബാകറോവിനെ ക്വാർട്ടറിൽ തോൽപ്പിച്ചു കൊണ്ടാണ് അമൻ സെഹ്‌രാവത് ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയർത്തി സെമിഫൈനൽ യോഗ്യത നേടിയിരിക്കുന്നത്.
Discussion about this post