ഇസ്ലാമാബാദ്: ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ പാകിസ്താൻ താരം അർഷാദ് നദീം ഭീകരനൊപ്പം. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ മുഹമ്മദ് ഹാരിസ് ധറുമിനൊപ്പമുള്ള നദീമിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷവിമർശനം ആണ് ഉയരുന്നത്. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ് മുഹമ്മദ് ഹാരിസ് ധർ.
മത്സരത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അർഷാദ് നദീം പാകിസ്താനിൽ എത്തിയത്. ഇതിന് തൊട്ട് പിന്നാലെ ധറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിൽ സ്വർണ മെഡൽ സ്വന്തമാക്കിയ അർഷാദിനെ കാണാനായി ധർ വീട്ടിലെത്തിയപ്പോൾ ചിത്രീകരിച്ച വീഡിയോ ആണ് പുറത്തുവന്നത് എന്നും വിവരമുണ്ട്.
ഇന്ത്യൻതാരം നീരജ് ചോപ്രയെ രണ്ടാമതാക്കി കൊണ്ടായിരുന്നു അർഷാദിന്റെ നേട്ടം. അർഷാദിന്റെ താഴ്ന്ന ജീവിത സാഹചര്യത്തെക്കുറിച്ച് അറിഞ്ഞ നീരജ് ചോപ്ര അർഷാദിന് വലിയ പ്രോത്സാഹനം ആയിരുന്നു നൽകിയിരുന്നത്. ഇതിന് പിന്നാലെയാണ് കായിക താരത്തിന്റെ ഭീകരനുമായി ബന്ധം പുറത്തായത്.
പുറത്തുവന്ന വീഡിയോ നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇതോടെ രൂക്ഷവിമർശനവുമായി ആളുകൾ രംഗത്ത് എത്തി. അതേസമയം സംഭവത്തിൽ അർഷാദ് നദീം പ്രതികരിച്ചിട്ടില്ല.
Discussion about this post