ന്യൂഡൽഹി: സ്വകാര്യ മൊബൈൽ കമ്പനികളുടെ താരിഫ് വർദ്ധന പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന് ഗുണകരമായി എന്ന് തുറന്ന് സമ്മതിച്ച് വിഐ. മൊബൈൽ കമ്പനിയുടെ സിഇഒ ആയ അക്ഷയ മൂന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വില വർദ്ധിച്ചതോടെ മൊബൈൽ ദാദാക്കൾ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തുവെന്നും, ഇതിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് തങ്ങൾക്ക് നഷ്ടമായത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ആയിരുന്നു മൊബൈൽ കമ്പനികൾ താരിഫ് വർദ്ധിപ്പിച്ചത്. ജിയോ ആയിരുന്നു ഇതിൽ ആദ്യം. ഇതിന് പിന്നാലെ വിഐ ഉൾപ്പെടെയുള്ളവരും താരിഫ് വർദ്ധിപ്പിക്കുകയായിരുന്നു. 50 രൂപയോളം വർദ്ധനമാണ് പ്ലാനുകൾക്ക് വന്നത്. എന്നാൽ ബിഎസ്എൻഎൽ മാത്രം പ്ലാൻ നിരക്ക് കൂട്ടിയില്ല. ഇതോടെ എല്ലാവരും സിം കാർഡുകൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യുകയായിരുന്നു.
ദിവസങ്ങൾ കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേരാണ് ബിഎസ്എൻഎല്ലിലേക്ക് മാറിയത് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് വിഐ സിഇഒയുടെ വെളിപ്പെടുത്തൽ. തങ്ങൾക്ക് ഇപ്പോഴും ഉപഭോക്താക്കളെ നഷ്ടമായിക്കൊണ്ട് ഇരിക്കുകയാണ് എന്നും അദ്ദേഹം പറയുന്നു.
മൊബൈൽ ഉപഭോക്താക്കളെ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കൾ പോർട്ട് ചെയ്യുന്നുണ്ട്. താരിഫുകൾ അവർ വർദ്ധിപ്പിക്കാത്തത് ആണ് ഇതിന് കാരണം. താരിഫ് വർദ്ധന മൊബൈൽ കമ്പനികൾക്ക് ഗുണം ചെയ്യും. വരുന്ന സാമ്പത്തിക പാദത്തിൽ ഇതേക്കുറിച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post