ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്കോളർഷിപ്പ് പദ്ധതി അവതരിപ്പിച്ച് റിലയൻസ് ഫൗണ്ടേഷൻ. പിജി വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയാണ് റിലയൻസ് അവതരിപ്പിച്ചിട്ടുള്ളത്. 2024-25 അക്കാദമിക് വർഷത്തേക്കുള്ള സ്കോളർഷിപ്പ് പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ അപേക്ഷകൾ ക്ഷണിച്ചു.
ഇന്ത്യയിലാകെയായി 5,100 വിദ്യാർത്ഥികൾക്കാണ് ഈ വർഷം റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് നൽകുന്നത്. ഇതുവരെയായി 23,000 സ്കോളർഷിപ്പുകൾ ആണ് റിലയൻസ് ഫൗണ്ടേഷൻ നൽകിയിട്ടുള്ളത്. 5000 ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയും 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും ആണ് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് ആയി നൽകുന്നത്.
രാജ്യത്തെ യുവതലമുറയുടെ ശാക്തീകരണത്തിന്റെ ഭാഗമായാണ് പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിക്കുന്നത് എന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കുന്നതാണ്. രാജ്യത്ത് എവിടെയുമുള്ള ഫുൾടൈം റെഗുലർ കോഴ്സുകളിൽ പഠിക്കുന്ന ആദ്യ വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിനായി അപേക്ഷിക്കാനാവുക. ഒക്ടോബർ 6 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
Discussion about this post