എറണാകുളം : പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ പാലം അടച്ച് പൂട്ടി ജലസേചന വകുപ്പ് . കമിതാക്കളുടെയും ലഹരി മരുന്ന് വിൽപ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാലാണ് നീർപ്പാലം അടച്ച് പൂട്ടിയത്. പാലം അടച്ച് പൂട്ടാൻ വാർഡ് കൗൺസിലർ ടിന്റു രാജേഷ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
45 വർഷം മുൻപ് നിർമ്മിച്ച പാലമാണ് നീർപ്പാലം. പ്രേമം സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷമാണ് പാലം ആളുകളുടെ ഇടയിൽ അറിയപ്പെട്ടത് .പ്രേമം സിനിമ ഇറങ്ങുന്നതു വരെ നാട്ടുകാർക്ക് മാത്രമേ പാലത്തേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിന് ശേഷം പുറത്തു നിന്നുള്ളവരും വന്നു തുടങ്ങി. അതോടെയാണ് പ്രേമം പാലം എന്ന പേര് വീണത്.
ഭൂതത്താൻകെട്ടിൽ നിന്ന് ആലുവയിലെത്തുന്ന പെരിയാർവാലി കനാൽ വെള്ളം പറവൂരിലേക്ക് കൊണ്ടുപോകാനാണ് നീർപ്പാലം നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടിയതിനാൽ പാലത്തിന്റെ രണ്ടറ്റത്തും മധ്യഭാഗത്തെ 2 പ്രവേശന കവാടത്തിലുമായി 4 ഇരുമ്പ് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത് .












