കൊൽക്കത്ത : വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനാർജിയെ കുറ്റപ്പെടുത്തുന്നവരെ ഭീഷണിപ്പെടുത്തി തൃണമൂൽ മന്ത്രി ഉദയൻ ഗുഹ . ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കുറ്റപ്പെടുത്തുന്നവരുടെയും രാജി ആവശ്യപ്പെടുന്നവരുടെയും വിരലുകൾ ഞെരിച്ചൊടിക്കുമെന്ന് തൃണമൂൽ മന്ത്രി ഉജൻ ഗുഹ പറഞ്ഞു. വീഡിയോയിലൂടെയാണ് അദ്ദേഹം ഭീഷണി മുഴക്കിയത്.
‘മമത ബാനർജിയെ ആക്രമിക്കുന്നവരും അവരുടെ നേരെ വിരൽ ചൂണ്ടുന്നവരും അവരുടെ രാജി ആവശ്യപ്പെടുന്നവരും ഒരിക്കലും വിജയിക്കില്ല. മുഖ്യമന്ത്രിക്ക് നേരെ വിരൽ ചൂണ്ടുന്നവരെ തകർത്ത് കളയും. അവർക്കെതിരെ വിരൽ ചൂണ്ടുന്നവരുടെ വിരൽ ഒടിച്ച് കളയും എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.
അതേസമയം ബലാത്സംഗ-കൊലപാതകത്തെ തുടർന്നുള്ള ഡോക്ടർമാരുടെ സമരത്തെ ടിഎംസി എംപി അരൂപ് ചക്രവർത്തി വിമർശിക്കുകയും ചെയ്തു. പ്രക്ഷോഭം കാരണം പൊതുജനരോഷം അവർക്കെതിരെ തിരിഞ്ഞാൽ അവരെ സംരക്ഷിക്കില്ലെന്ന് മുന്നറിയിപ്പ് നൽക്കുകയും ചെയ്തു.
ആഗസ്റ്റ് ഒൻപതിനാണ് ആർ ജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലുമടക്കം 14 മുറിവുകളാണ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൊൽക്കത്ത പോലീസിലെ സിവിക് വൊളന്റിയറും തൃണമൂൽ കോൺഗ്രസ് പ്രവർത്തകനുമായ സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തു. പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നാരോപിച്ച് പ്രതിഷേധം ശക്തമാണ്.
Discussion about this post