അബുദാബി : രാജ്യത്ത് സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിക്കുന്നതിനെതിരെ നിയമങ്ങൾ കടുപ്പിച്ച് യുഎഇ. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയതോടെയാണ് യുഎഇ നിയമനടപടികൾ കടുപ്പിച്ചിരിക്കുന്നത്. പുതിയ നിയമങ്ങൾ പ്രകാരം സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കുറ്റക്കാരായ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുന്നതായിരിക്കും. ഇന്ത്യൻ രൂപയിൽ ഏതാണ്ട് 2.28 കോടിയിലേറെ രൂപയാണ് കമ്പനികൾ പിഴ അടക്കേണ്ടി വരിക.
സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് വെച്ച ശേഷം ശമ്പളം നൽകാതെ വഞ്ചിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് യുഎഇ നിയമങ്ങൾ കടുപ്പിച്ചിരിക്കുന്നത്. നിലവിൽ നിരവധി പേരാണ് തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി സന്ദർശകവിസയിൽ രാജ്യത്തെത്തി വിവിധ ജോലികളിൽ പ്രവേശിക്കുന്നത്. ചില കമ്പനികൾ ഇത്തരത്തിലുള്ളവർക്ക് ഉടൻതന്നെ തൊഴിൽ വിസ നൽകുമെങ്കിലും പലരും ശമ്പളം പോലും ലഭിക്കാതെ വഞ്ചിക്കപ്പെടുന്നതും പതിവായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി.
വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്ക് വയ്ക്കുന്നതിന് നേരത്തെ യുഎഇയിൽ 50000 മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ ഈടാക്കിയിരുന്നത്. എന്നാൽ ചില കമ്പനികൾ ജോലി വാഗ്ദാനം ചെയ്ത് വിദേശരാജ്യങ്ങളിൽ നിന്നും ആളുകളെ സന്ദർശക വിസയിൽ കൊണ്ടുവന്ന് ജോലി എടുപ്പിച്ച ശേഷം ശമ്പളം പോലും നൽകാതെ കബളിപ്പിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെയാണ് യുഎഇ തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
ഇനി യുഎഇയിൽ ജോലിക്കായി ആളുകളെ എൻട്രി പെർമിറ്റിൽ വേണം കൊണ്ടുവരാൻ എന്നാണ് പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്ത് എത്തിയതിനുശേഷം റസിഡൻസി വിസയുടെ തുടർ നടപടികൾ പൂർത്തിയാക്കുകയും തൊഴിൽ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെ നൽകപ്പെടുന്ന എല്ലാ ജോലികളും നിയമനങ്ങളും അനധികൃതമാണെന്നും യുഎഇ സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post