ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) സമീപകാല റിപ്പോർട്ട് അനുസരിച്ച് മൂത്രനാളിയിലെ അണുബാധ (UTIs), രക്തത്തിലെ അണുബാധകൾ, ന്യുമോണിയ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് ആന്റി ബയോട്ടിക്കുകൾ ഇനി പഴയ പോലെ ഫലം ചെയ്യില്ലെന്ന് പഠനം. സാധാരണയായി ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾക്കുള്ള പ്രതിരോധം ഈ രോഗങ്ങൾ ഉണ്ടാക്കുന്ന അണുക്കൾ ആർജ്ജിച്ചെടുത്തു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇത് നിലവിൽ ചികിത്സ കൂടുതൽ ബുദ്ധിമുട്ടാക്കുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്.
2023 ജനുവരി മുതൽ ഡിസംബർ വരെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ആൻ്റിമൈക്രോബയൽ റെസിസ്റ്റൻസ് (AMR) ട്രെൻഡുകളുടെ ഏഴാമത്തെ സമഗ്ര അവലോകനമാണ് ഈ കണ്ടെത്തുലുകൾ പുറത്ത് വിട്ടത്. രാജ്യവ്യാപകമായി ആൻറിബയോട്ടിക് പ്രതിരോധത്തിൽ ആശങ്കാജനകമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഇന്ത്യയിലെമ്പാടുമുള്ള ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് പൊതു, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള 99,492 സാമ്പിളുകൾ വിശകലനം ചെയ്തു.
കാർഷിക മേഖലയിലെ പ്രധാനപ്പെട്ട ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗവും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ആവശ്യമായ ആൻ്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി സംരക്ഷിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറഞ്ഞു.
Discussion about this post