ന്യൂഡൽഹി : ട്രെയിൻ അപകടങ്ങൾ സംഭവിച്ചാൽ ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. ‘റെയിൽ രക്ഷക് ദൾ’ എന്ന പേരിൽ ഒരു ക്വിക്ക് റെസ്‌പോൺസ് ടീം ആണ് റെയിൽവേ രൂപീകരിച്ചിരിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിലെ പൈലറ്റ് പ്രോജക്ടിൻ്റെ ഭാഗമായാണ് പുതിയ ടീമിന്റെ രൂപീകരണം.
അപകടസ്ഥലങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാനും രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താനും കഴിയുന്ന രീതിയിലാണ് റെയിൽ രക്ഷക് ദളിന് രൂപം നൽകിയിരിക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് റെയിൽ രക്ഷക് ദൾ എന്ന പുതിയ റെസ്പോൺസ് ടീമിന് രൂപം നൽകിയതായി എക്സിലുടെ അറിയിച്ചത്. കഴിവുള്ള ജീവനക്കാരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയായിരിക്കും പുതിയ ടീം രൂപീകരിക്കുക എന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.
ഇതോടൊപ്പം തന്നെ രാജ്യത്തിൻ്റെ റെയിൽവേ ശൃംഖലയിലുടനീളമുള്ള ട്രെയിനുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമായ കവചിന്റെ പ്രവർത്തനങ്ങൾ പരിശോധിച്ചു വിലയിരുത്തിയതായും റെയിൽവേ മന്ത്രി അറിയിച്ചു. ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ഇന്ത്യൻ റെയിൽവേ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് ട്രെയിൻ സംരക്ഷണ സംവിധാനമാണ് കവച്.
Discussion about this post