ന്യൂഡൽഹി: വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന പട്‌ന ഹൈക്കോടതിയുടെ നിരീക്ഷണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച് സുപ്രീംകോടതി.വിധവയ്ക്ക് മേക്കപ്പിന്റെ ആവശ്യമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 1985ൽ നടന്ന കൊലക്കേസിന്റെ വാദത്തിനിടെയാണ് ഹൈക്കോടതി ഇങ്ങനെ പരമാർശം നടത്തിയത്. വീട്ടിൽനിന്ന് ചില മേക്കപ്പ് സാധനങ്ങൾ കണ്ടെത്തിയത് കൊല്ലപ്പെട്ട സ്ത്രീയുടേതുതന്നെയാകുമെന്നും കാരണം കൂടെ താമസിച്ചിരുന്ന സ്ത്രീ വിധവയായതിനാൽ അവർക്ക് അതിന്റെ ആവശ്യമില്ലല്ലോയെന്നുമാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
ഹൈക്കോടതിയുടെ നിരീക്ഷണം അങ്ങേയറ്റം അപലപനീയമാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി അദ്ധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരമൊരു പരാമർശം ഹൈക്കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന നീതിബോധത്തിനും നിഷ്പക്ഷതയ്ക്കും ചേർന്നതല്ലെന്ന് സുപ്രീംകോടതി പറഞ്ഞുപരമ്പരാഗതമായി കൈമാറിക്കിട്ടിയ വീടിന്റെ പേരിലെ തർക്കത്തിനൊടുവിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ ഹെക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതി ഹൈക്കോടതി പരാമർശത്തെ വിമർശിച്ചത്.
കൊലപാതക കേസുമായി ബന്ധപ്പെട്ട വിചാരണക്കിടെ യുവതിയെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെടുന്ന വീട്ടിൽ തന്നെയാണോ ഇവർ താമസിച്ചിരുന്നതെന്ന് ഹൈക്കോടതി പരിശോധിച്ചിരുന്നു. മരിച്ചയാളുടെ മാതൃസഹോദരന്റെയും അമ്മാവന്റെയും സഹോദരന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ, ഇര ഇതേ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് ഹൈക്കോടതി നിഗമനത്തിലെത്തുകയും ചെയ്തു. ഇതിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തൽ സംബന്ധിച്ച പരാമർശത്തിലായിരുന്നു ഹൈക്കോടതി അതിരുവിട്ടത്. ഉദ്യോഗസ്ഥൻ, വീട് പരിശോധിച്ചതായും യുവതി അവിടെ താമസിക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ മേക്കപ്പ് സാമഗ്രികൾ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ വ്യക്തമാക്കി. വിധവയായ മറ്റൊരു സ്ത്രീയും വീടിന്റെ അതേ ഭാഗത്ത് താമസിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ആ സ്ത്രീ വിധവയായതിനാൽ മേക്കപ്പ് സാമഗ്രികൾ അവളുടേതാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ‘വിധവയായതിനാൽ അവൾക്ക് മേക്കപ്പ് ചെയ്യേണ്ട ആവശ്യമില്ല’ എന്നായിരുന്നു കോടതി റിപ്പോർട്ടിൽ നിരീക്ഷിച്ചത്









