പട്ന : വ്യാജ ബിരുദങ്ങളും വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ച മൂവായിരത്തിലധികം സർക്കാർ സ്കൂൾ അധ്യാപകരെ ഒന്നിച്ച് പിരിച്ചുവിടാനൊരുങ്ങി ബീഹാർ വിദ്യാഭ്യാസ വകുപ്പ്. ബീഹാർ വിജിലൻസ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 3,035 അധ്യാപകരെ സർവീസിൽ നിന്ന് അടിയന്തിരമായി നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ബീഹാറിലെ സർക്കാർ സ്കൂൾ നിയമനങ്ങളിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അഴിമതി വിരുദ്ധ നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വിജിലൻസ് കണ്ടെത്തലുകൾക്ക് പിന്നാലെ കുറ്റക്കാരായ അധ്യാപകർക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,830 എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിൽ പേരുള്ള എല്ലാ അധ്യാപകരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വകുപ്പുതല നടപടികൾക്കൊപ്പം ശക്തമായ ക്രിമിനൽ നിയമനടപടികളും ഒരേസമയം മുന്നോട്ട് കൊണ്ടുപോകാനാണ് അധികൃതരുടെ തീരുമാനം.
വിജിലൻസ് ബ്യൂറോയുടെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ നിയമന രേഖകളാണ് വളരെ സൂക്ഷ്മമായി പരിശോധിച്ചത്. പ്രധാനമായും 2006-നും 2015-നും ഇടയിൽ നടന്ന അധ്യാപക നിയമനങ്ങളിലാണ് വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയത്. അംഗീകാരമില്ലാത്തതോ അല്ലെങ്കിൽ പൂർണ്ണമായും വ്യാജമായതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ നിർമ്മിച്ച സർട്ടിഫിക്കറ്റുകളാണ് പല ഉദ്യോഗാർത്ഥികളും സർക്കാർ ജോലി നേടാനായി സമർപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. നേപ്പാളിലെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെയും 378 ഓളം ബോർഡുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും നൽകിയതെന്ന വ്യാജേന തയ്യാറാക്കിയ രേഖകളും ഇതിലുണ്ടായിരുന്നു.
വിജിലൻസ് അന്വേഷണം കടുക്കുകയും കുടുങ്ങുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ ക്രിമിനൽ നടപടികളിൽ നിന്നും ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാനായി നിരവധി വ്യാജ അധ്യാപകർ തങ്ങളുടെ തസ്തികകളിൽ നിന്നും ഇതിനകം തന്നെ രാജി സമർപ്പിച്ചു. എന്നാൽ, നടപടിക്ക് തൊട്ടുമുമ്പ് രാജി വെച്ചതുകൊണ്ട് മാത്രം ആരും നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെടില്ലെന്നും വ്യാജരേഖ ചമച്ചതിന് എല്ലാവർക്കുമെതിരെ ശക്തമായ വിചാരണ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് പുറമേ, അവർ ഇത്രയും കാലം സർക്കാർ ഖജനാവിൽ നിന്നും കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിക്കാനും ബീഹാർ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.









