കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. ഇതുസബന്ധിച്ച് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജയരാജനെ ചികില്‍സിക്കുന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് തേടിയിരുന്നു.
റിമാന്‍ഡ് തടവുകാരനായതിനാല്‍ ഏറെക്കാലം സ്വകാര്യ സഹകരണ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നതില്‍ നിയമപ്രകാരം തടസ്സമുള്ളതിനാലാണ് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ചികിത്സ മാറ്റാന്‍ ഡോക്ടറുടെ റിപ്പോര്‍ട്ട് തേടിയത്.
കാര്യമായ കുഴപ്പമില്ലെങ്കില്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനും തുടര്‍ചികിത്സ വേണമെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനും വേണ്ടിയായിരുന്നു ജയിലധികൃതര്‍ ഡോക്ടറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയത്.
ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും കോഴിക്കോട് വരെ യാത്രചെയ്യുന്നതില്‍ കുഴപ്പമില്ലെന്നും ഡോക്ടര്‍ അറിയിച്ചു. തുടര്‍ചികിത്സ വേണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നുണ്ട്.മെഡിക്കല്‍ സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ മാറ്റാമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയാല്‍ സുഖമില്ലാത്ത ആളായതിനാല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പി.ജയരാജനെ പാര്‍പ്പിക്കാനാണ് ജയിലധികൃതരുടെ തീരുമാനം. ജയിലില്‍ സ്വന്തമായി എല്ലാകാര്യങ്ങളും ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയുള്ളതിനാല്‍, സഹായത്തിന് ആളെ അനുവദിക്കുന്ന കാര്യവും ജയിലധികൃതര്‍ പരിഗണിക്കുന്നുണ്ട്.
അതേ സമയം പി ജയരാജനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന സിബിഐയുടെ അപേക്ഷ തലേശരി സെക്ഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് വിട്ട് കിട്ടണമെന്നാണ് സിബിഐയുടെ ആവശ്യം. എന്നാല്‍ പ്രതിഭാഗം സിബിഐയുടെ അപേക്ഷയെ കോടതിയില്‍ എതിര്‍ക്കും.
ഞായറാഴ്ച ഉച്ചയോടെ ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം കോഴിക്കോട്ടേക്ക് മാറ്റാന്‍ അന്വേഷണം നടത്തിയെങ്കിലും ഞായറാഴ്ച മെഡിക്കല്‍കോളേജില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിങ്കളാഴ്ച മാറ്റാമെന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post