കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ആരാധകരുടെ പ്രിയപ്പെട്ട നടൻമാർക്കും സംവിധായകർക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മലയാള സിനിമ ഇന്ന് വരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. പല പ്രമുഖരും അറസ്റ്റിലാവുകയും മുൻകൂർ ജാമ്യം തേടുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ചില സംശയങ്ങൾ ഉന്നയിക്കുകയാണ് നടൻ കൊല്ലം തുളസി. പഴയകാലനടിമാരും മുഖ്യധാരയിലെ നടികളും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ലല്ലോ ഉദ്ദേശ്യം ക്രൂരമാണെന്നാണ് താരം ആരോപിക്കുന്നത്.
ഡബ്യൂസിസിയിലുള്ള നടിമാർ പറഞ്ഞിരുന്നത് അവരെ ക്രൂരമായി പീഡിപ്പിക്കുന്നു എന്നല്ല. സിനിമാ വ്യവസായത്തിൽ അവർക്കൊരുപാട് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെന്നാണ്. വസ്ത്രം മാറുന്നതിനും ബാത്ത്റൂമിൽ പോകുന്നതിനും സ്വകാര്യതയും സൗകര്യവും ഇല്ലെന്നുമാണ്. ചാൻസ് കൊടുക്കാൻ മറ്റ് പലതിനും നിർബന്ധിക്കുന്നു, പണം കൊടുക്കുന്നില്ല എന്നൊക്കെയാണ്. അതൊക്കെ ന്യായമായ കാര്യങ്ങളാണെന്ന് കൊല്ലം തുളസി പറയുന്നു.മുഖ്യധാരയിൽ നിൽക്കുന്ന ഏതെങ്കിലും നടിമാർ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ ഡബ്യൂസിസിയിൽ ഉളള ആരെങ്കിലും പരാതിയുമായി രംഗത്ത് വന്നോ. അപ്പോൾ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ ചില ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ഒരു ലക്ഷ്യമുണ്ട്. അത് ക്രൂരമാണ്. ഇപ്പോൾ ഏഴ് പേരാണ് ലൈംഗികാതിക്രമം നടത്തിയെന്ന് അവർ പറഞ്ഞിരിക്കുന്നതെന്ന് കൊല്ലം തുളസി കൂട്ടിച്ചേർത്തു.
ഒരു നടി പറഞ്ഞത് എന്നെ പുറകിൽ കൂടി വന്ന് കെട്ടിപ്പിടിച്ചു എന്നാണ്. നിഷേധിച്ചപ്പോൾ അദ്ദേഹം സോറി പറഞ്ഞു എന്നാണ്. പിന്നീട് പുള്ളിയുടെ സെറ്റിൽ പോയി അവർ ഒരുമിച്ച് വർക്കും ചെയ്തു. ഇവർ എന്തായിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്ന് താരം ചോദിക്കുന്നു. സിനിമയിൽ വലിയ പ്രശ്‌നങ്ങളൊന്നും നടന്നിട്ടില്ല. രാജ്യദ്രോഹക്കുറ്റമോ കൊലപാതക കുറ്റമോ അങ്ങനെ ഒന്നും ഇവിടെ നടന്നിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പരാതിയായി പുറത്തേക്ക് വന്നിരിക്കുന്നത്. ഇത് സിനിമാലോകത്ത് സംഭവിച്ചിരിക്കുന്ന ഒരു കോളിളക്കമാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്ന് താരം കൂട്ടിച്ചേർത്തു. സ്ത്രീയെ സൃഷ്ടിച്ചത് പുരുഷനുമായി സന്തോഷത്തോടെയും സുഖമായും ജീവിക്കാൻ വേണ്ടിയാണ്.ആദം, ഹവ്വ കാലം മുതൽ അങ്ങനെ ആണ്. അവർക്ക് സമ്മേളിക്കാനും സുഖിക്കാനും വേണ്ടിയാണ്. പക്ഷേ പുരുഷന്റെ നേരെ എന്തും ആകാമെന്നാണ് ഇവരുടെ വിചാരമെന്ന് കൊല്ലം തുളസി കുറ്റപ്പെടുത്തി.
സിദ്ദിഖിന്റെ കാര്യത്തിൽ ഞാൻ മനസിലാക്കിയത് ഒരു കുട്ടിയെ വിളിച്ച് വരുത്തി, അവർക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിന്റെ ഗുണദോഷങ്ങളെ പറ്റി പറയാനാകും വിളിച്ചത്. മുറിയിലേക്ക് വരാൻ പറഞ്ഞപ്പോൾ ഈ കുട്ടിയുടെ അച്ഛനും അമ്മയും മുറിയുടെ മുന്നിൽ നിന്നിട്ട് കുട്ടിയെ അകത്തേക്ക് ഒറ്റയ്ക്ക് വിട്ടു. ഉത്തരവാദിത്തമുള്ള മാതാപിതാക്കൾ പ്രായപൂർത്തിയായ സുന്ദരിയായ പെണ്ണിനെ ഒറ്റയ്ക്ക് താമസിക്കുന്ന അന്യപുരുഷന്റെ മുറിയിലേക്ക് കടത്തി വിടുമ്പോൾ അവരുടെ മനസിൽ സാമാന്യമായ സംശയം ഉണ്ടാവേണ്ടേ…സിനിമാലോകത്തെ പറ്റി മോശം അഭിപ്രായമുള്ളപ്പോൾ അതുപോലൊരു കുട്ടിയെ കയറ്റി വിടുന്നത് ശരിയാണോ? അവരുടെ ഉള്ളിൽ എന്തോ ഉദ്ദേശ്യം ഉണ്ടല്ലോ. കാര്യം നടന്നിരുന്നെങ്കിൽ കുഴപ്പമുണ്ടാവുമായിരുന്നില്ല. ചിലപ്പോൾ നടക്കാത്തത് കൊണ്ടുമാവാമെന്നായിരുന്നു കൊല്ലം തുളസിയുടെ വാക്കുകൾ.
എവിടെയാണ് സ്ത്രീപീഡനമില്ലാത്തതെന്നും സിനിമയിൽ മാത്രമെന്താണ് അത് പ്രശ്നമാകുന്നതെന്നും താരം ചോദിക്കുന്നു. ശരിക്കും അവരെന്താണ് ചെയ്തത്. ആരെയെങ്കിലും ബലാത്കാരമോ ബലാത്സംഗമോ ചെയ്‌തോ അവരൊരു ആഗ്രഹം പ്രകടിപ്പിച്ചു. പറ്റില്ലെന്ന് മറുപടിയും കിട്ടി. അവിടെ വച്ച് ചാപ്റ്റർ അവസാനിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു.
Discussion about this post