കാസർകോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്. ഹെർണിയ ശസ്ത്രക്രിയക്കെത്തിയ 10 വയസ്സുകാരന്റെ കാലിൽ നിന്നും ഹൃദയത്തിലേക്കുള്ള രക്ത ധമനി മുറിച്ചതായാണ് പരാതി. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ ഡോക്ടർ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
കാസർകോഡ് പുല്ലൂർ പെരളത്തെ അശോകന്റെ മകൻ ആദിനാഥിനാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും ദുരനുഭവം ഉണ്ടായത്. ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാർ ആണ് ഹെർണിയ ശസ്ത്രക്രിയയ്ക്കിടയിൽ ഞരമ്പ് മാറിമുറിച്ചത്. അബദ്ധം പറ്റിയതായി ഡോക്ടർ തന്നെയാണ് കുട്ടിയുടെ പിതാവിനെ അറിയിച്ചത് എന്നും പരാതിയിൽ പറയുന്നു.
ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തിൽ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നാണ് ഡോക്ടർ വ്യക്തമാക്കിയത്. കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു. ചികിത്സാചെലവുകൾ എല്ലാം വഹിക്കാം എന്ന് കുട്ടിയുടെ കുടുംബത്തിന് ഉറപ്പു നൽകിയ ഡോക്ടർ ആംബുലൻസിൽ ആശുപത്രിയിലെ നഴ്സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടുദിവസം തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുട്ടി ആശുപത്രി വിട്ടെങ്കിലും ഇരിക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളത് എന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ശസ്ത്രക്രിയയുടെ മുറിവുണക്കി എന്നല്ലാതെ കുട്ടിയുടെ ഹെർണിയ ശസ്ത്രക്രിയയും ഇതുവരെ നടത്തിയില്ല എന്നും കുടുംബം അറിയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡിഎംഒയ്ക്ക് കുട്ടിയുടെ കുടുംബം പരാതി നൽകി.
Discussion about this post