മനുഷ്യകുലത്തിന്റെ ഗതിവിഗതികൾ മാറ്റിമറിക്കാൻ തക്കവണ്ണം പ്രത്യേകതകളുള്ള വമ്പൻ റോബോട്ടിന് അവതരിപ്പിച്ച് ടെസ്ല. സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച അത്യുഗ്രൻ റോബോട്ടാണ് കമ്പനി ഇന്നലെ അവതരിപ്പിച്ചത്. വീ റോബോട്ട് എന്ന ഇവന്റിലാണ് ടെസ്ല തങ്ങളുടെ ഓട്ടോണമസ് ഉത്പന്നങ്ങൾ പരിചയപ്പെടുത്തിയത്. സ്റ്റിയറിംഗ് വീലും പെഡലുമില്ലാത്ത സെൽഫ് ഡ്രൈവിംഗ് റോബോ ടാക്‌സിയായ സൈബർ ക്യാബും 20 പേർക്ക് യാത്ര ചെയ്യാവുന്ന സെൽഫ് ഡ്രൈവിംഗ് വാഹനമായ റോബോവാനും ടെസ്ല മേധാവി ഇലോൺ മസ്‌ക് ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു.
അതിനിടെയാണ് അമ്പരിപ്പിച്ച് ഒപ്റ്റിമസ് റോബോകൾ എത്തിയത്. ഈ റോബോട്ടിന് ഇപ്പോൾ മനുഷ്യൻ ചിന്തിക്കുന്ന എന്തും ചെയ്യാൻ സാധിക്കുമെന്ന് മസ്‌ക് അവകാശപ്പെട്ടു. ആളുകൾക്കിടയിൽ നടക്കാനും വിവിധ ജോലികൾ മനുഷ്യൻ ചെയ്യുന്നതുപോലെ ചെയ്യാനും ഒപ്റ്റിമസ് റോബോയ്ക്ക് സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു.
ഒപ്റ്റിമസ് നിങ്ങൾക്കിടയിൽ നടക്കും. അവൻ പാനീയങ്ങൾ വിളമ്പും. അതിന് നിങ്ങളുടെ നായയ്‌ക്കൊപ്പം നടക്കാനും ബേബിസിറ്റ് ചെയ്യാനും എല്ലാം സാധിക്കുമെന്ന് മസ്‌ക് പറഞ്ഞു. ഭാവിയിൽ 30,000 ഡോളർ വരെ വിലയിൽ ഇത് വിപണിയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2021ലെ AI ദിനത്തിലാണ് ഒപ്റ്റിമസ് അഥവാ ടെസ്ല ബോട്ട് എന്ന് വിളിക്കുന്ന ഹ്യൂമനോയിഡ് റോബോട്ട് നിർമിക്കാനുള്ള ആശയം ടെസ്ല ആദ്യമായി അവതരിപ്പിച്ചത്.
Discussion about this post