രണ്ടു ദിവസത്തിനുള്ളില്‍ രണ്ടു മരണങ്ങള്‍…! ഒന്ന്, ടൂറിസ്റ്റ് ബസ് കാറില്‍ ഉരസി എന്ന മൃഗീയ കുറ്റത്തിന് ചേര്‍ത്തലയില്‍ വച്ച് മുരളീധരന്‍ പിള്ള എന്ന അറുപതുകാരന്‍., രണ്ട്, തൃശ്ശൂര്‍ ശോഭാ സിറ്റി എന്ന ഭൂലോക വൈകുണ്ഡത്തിലെ മുതലാളിയുടെ ഗേറ്റ് തുറക്കാന്‍ വൈകി എന്ന അക്ഷന്തവ്യമായ അപരാധത്തിന് ചന്ദ്രബോസ് എന്ന അമ്പതു വയസ്സുകാരന്‍.
ചന്ദ്രബോസിനും മുരളീധരന്‍ പിള്ളയ്ക്കും സമാനതകള്‍ ഏറെയുണ്ട്. ഇരുവരും ജീവിതത്തിന്റെ ഉച്ചവെയില്‍ താണ്ടുന്നവര്‍. എങ്കിലും ഭാര്യയും മക്കളും അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ അത്താണിയായവര്‍. പുലര്‍ച്ചെ ജോലിയ്ക്ക് പോകുന്ന ഉടയവനെക്കാത്ത് വീട്ടിലിരിക്കുന്നവരുടെ കണ്ണിലെ തിളക്കവും മനസ്സിലെ പ്രതീക്ഷയും ആയിരുന്നവര്‍. അന്നന്നത്തെ അന്നത്തിന് വേണ്ടി പകലന്തിയോളം പണിയെടുത്ത് കിട്ടുന്ന കൂലിയില്‍ നിന്നും അരിമണികള്‍ മിച്ചം പിടിച്ച് പുര മേയാനും മക്കളെ പഠിപ്പിക്കാനും അവരെ കല്യാണം കഴിച്ച് അയപ്പിക്കാനും വിധിക്കപ്പെട്ട ദശലക്ഷക്കണക്കിനു പാവപ്പെട്ട അച്ഛന്മാരുടെയും ഭര്‍ത്താക്കന്മാരുടെയും പ്രതിനിധികള്‍. അവരെയാണ് നമ്മള്‍ കൊന്നു തള്ളിയത്..!
ഉപജീവനത്തിനായി ഓടിച്ചിരുന്ന ബസ് പാലാരിവട്ടത്ത് വെച്ച് ഒരു കാറില്‍ ഉരസിയപ്പോള്‍ മുരളീധരന്‍പിള്ള വിചാരിച്ചുകാണില്ല ഈ ആ കാര്‍ തനിക്കുള്ള കാലവാഹനം ആണെന്ന്.കാറില്‍ നിന്ന് പോയ ചായത്തിന് പകരം ആ മനുഷ്യന്റെ ശരീരം ഇഞ്ച പോലെ ചതച്ച് അതിലെ ജീവന്‍ ഊറ്റിയെടുത്തപ്പോഴേ അവര്‍ക്ക് ആശ്വാസമായുള്ളൂ. ഇനി ആ കാറില്‍ അവര്‍ക്ക് സംതൃപ്തിയോടെ സഞ്ചരിക്കാം.തന്നെ ഉരസിയ ബസിന്റെ െൈഡ്രവര്‍ക്ക് തക്ക ശിക്ഷ കിട്ടി എന്ന സത്യം ആ കാറിനെ സന്തോഷിപ്പിക്കുമായിരിക്കും.
9000 രൂപ മാസക്കൂലിയ്ക്ക് ശോഭാ സിറ്റിയില്‍ പണിയ്ക്ക് വന്ന ചന്ദ്രബോസിന് സന്തോഷിക്കാം.തന്നെ ഇടിച്ചു വീഴ്ത്തിയ വണ്ടിയുടെ വില കോടികളാണ്.തന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ച ഷൂവിന്റെ വില അഞ്ചു ലക്ഷത്തോളം വരുമത്രേ. ഏതെങ്കിലും സാധാരണക്കാരന് കിട്ടുമോ ഈ സൗഭാഗ്യം..?
മുഹമ്മദ് നിഷാം എന്ന ധനികചെറ്റയ്ക്ക് വേണ്ടി കാശൊഴുക്കാനും വാദിയ്ക്കാനുംഅവനെ പുറത്തു കൊണ്ടുവരുവാനും ഭരണത്തിന്റെ ഇടനാഴികളില്‍ ഇപ്പോഴേ ആളനക്കം തുടങ്ങിക്കഴിഞ്ഞു. മര്‍ദ്ദനത്തുടര്‍ന്നല്ല അതിനു ശേഷമുണ്ടായ ആരോഗ്യക്കുറവ് മൂലമാണ് മരണം എന്നും അതിന്റെ ഉത്തരവാദി ചന്ദ്രബോസ് മാത്രമാണ് എന്നും വ്യാഖ്യാനിക്കാനും വാദിക്കാനും പണം സ്റ്റെതസ്‌കൊപ്പ് വച്ചും കറുത്ത കോട്ടിട്ടും വരും…!! പോലീസുദ്യോഗസ്ഥയെ കാറിനകത്തിട്ടു പൂട്ടിയിട്ടു പോലും ഒരു ശ്മശ്രുവിനു പോലും പോറല്‍ തട്ടാതെ നിയമത്തിന്റെ പിടിയില്‍ നിന്നും ഊരി നമുക്കിടയിലൂടെ സ്വൈര്യവിഹാരം നടത്തിക്കൊണ്ടിരുന്ന മാന്യനാണ് ഇദ്ദേഹം എന്നും ഓര്‍ക്കണം.
ആഫ്രിക്കയിലെ നഗരങ്ങളില്‍ മോഷ്ടാക്കളെ പരസ്യമായി തല്ലിച്ചതച്ച് ജീവനോടെ കത്തിയ്ക്കുന്ന വീഡിയോ ക്ലിപ്പുകള്‍ യൂടൂബിലും നെറ്റിലും ഒത്തിരിയുണ്ട്. അവ കാണുമ്പോള്‍, അതിലെ മൃഗീയവാസന കണ്ണുകള്‍ കൊണ്ട് തൊട്ടറിയുമ്പോള്‍ ഉണ്ടാകുന്ന നടുക്കത്തിനും അപ്പുറം ‘ഇങ്ങനെയൊന്നുമല്ലല്ലോ ഞാന്‍ ജീവിക്കുന്ന സമൂഹവും നാടും’ എന്നൊരു ആശ്വാസവും അല്‍പം അഹങ്കാരവും പണ്ട് മനസ്സില്‍ തോന്നിയിരുന്നു..!! അതൊക്കെ പതുക്കെ മായ്‌ക്കേണ്ട സമയമായി. അധികാരവും പണക്കൊഴുപ്പും ഏറാന്‍മൂളി നില്‍ക്കുന്ന ഏതെങ്കിലും ഒരുത്തന് ഒരു നിമിഷത്തേയ്ക്ക് വരുന്ന വികാരക്ഷോഭത്തിന്റെ മൂല്യമേയുള്ളൂ നമ്മളുടെ ജീവന് എന്ന തിരിച്ചറിവ് എത്രത്തോളം ഭയാനകമാണ്. സ്വയം നിയന്ത്രണം വിട്ടുപോകുന്ന സാഹചര്യങ്ങള്‍ അനവധി ഉണ്ടാകുന്നുണ്ട് എങ്കിലും നമ്മളാരും എതിരാളിയെ കൊന്ന് പ്രശ്‌നം പരിഹരിക്കാം എന്ന് ചിന്തിയ്ക്കാത്തത് ഈ സമൂഹത്തോടും ഇവിടത്തെ നീതിന്യായ വ്യവസ്ഥയോടും നമ്മുടെ മനസ്സില്‍ എവിടെയോ അല്‍പം ഭയം കലര്‍ന്ന ഒരു മതിപ്പ് ഉള്ളത് കൊണ്ടാണ്.എന്നാല്‍ സ്വന്തം ക്ഷോഭം ശമിപ്പിക്കാന്‍ ഒന്നിനെയും ഭയക്കേണ്ടതില്ല എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം നമുക്കിടയില്‍ രൂപപ്പെടുന്നു എന്ന വസ്തുതയെ ആശങ്കയോടെ തന്നെ കാണണം.
ചന്ദ്രബോസും മുരളീധരന്‍പിള്ളയും ഒരു തുടക്കമല്ല.ഇതിനും മുന്‍പ് എത്രയോ പേര്‍ ഇതുപോലെ യാതൊരു തെറ്റും ചെയ്യാതെ ഒരുത്തന്റെയോ ഒരു പറ്റത്തിന്റെയോ അക്രമവാസനയ്ക്ക് ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സദാചാരപോലീസിന്റെ കയ്യില്‍പ്പെട്ട മധ്യവയസ്‌ക്കന്‍, ആലുവയില്‍ കാറിനു സൈഡ് കൊടുക്കാഞ്ഞതിന്റെ പേരില്‍ ഒരു കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍, അങ്ങനെ അറിഞ്ഞും അറിയാതെയും എത്രയെത്ര പേര്‍,പത്രങ്ങളിലും ചാനലുകളിലും നേരത്തോടു നേരം ഉതിരുന്ന നക്രബാഷ്പത്തിനപ്പുറം അവര്‍ക്കൊന്നും നിലനില്‍പ്പുണ്ടായില്ല. അത് തന്നെയായിരിക്കും ഇവരുടെയും വിധി..ഇന്ന് ഈ വാര്‍ത്തയുടെ വിശദാംശങ്ങള്‍ വായിച്ച് ചോര തിളക്കുന്നവര്‍ നാളെ പത്രത്തില്‍ ഇതിനെക്കുറിച്ചുള്ള കഥകള്‍ കണ്ടാല്‍ ‘ഇവന്മാര്‍ക്ക് ഇത് കളയാറായില്ലേ..?’ എന്നൊരു ചോദ്യത്തോടെ താളുകള്‍ മറിക്കും. അതാണ് നമ്മുടെ സമൂഹവും നമ്മളും. ഭൗതികപുരോഗതിയുടെ നേട്ടങ്ങള്‍ എണ്ണുമ്പോള്‍ നമ്മള്‍ ഓരോരുത്തരും ഓരോ തുരുത്തുകളില്‍ എത്തി നില്‍ക്കുന്നു. ആ തുരുത്തില്‍ നമ്മള്‍ മാത്രമാണ് ശരി. നമ്മുടെ ചിന്തകള്‍ നിയമങ്ങളും തോന്നലുകള്‍ നീതിയും ആകുന്നു.അതിന്റെ വ്യോമമേഖലയില്‍ പ്രവേശിക്കാന്‍ മറ്റൊരു ജീവിയ്ക്കും അവകാശമില്ല.അങ്ങനെ വരുന്നവരെ നമ്മള്‍ ഇതുപോലെ പറഞ്ഞുവിടും…!!
ഇനിയും ചന്ദ്രബോസുമാരും മുരളീധരന്‍പിള്ളമാരും നമുക്കിടയില്‍ സംഭവിക്കാതിരിക്കട്ടെ എന്ന ആഹ്വാനം അര്‍ത്ഥശൂന്യമാണ്.അങ്ങനെ സംഭവിക്കുമ്പോള്‍ അതില്‍ എന്റെയും നിങ്ങളുടെയും പേര് ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാന്‍ കഴിയൂ.
മുന്‍പത്രപ്രവര്‍ത്തകന്‍, പ്രമുഖ വാരികകളില്‍ കോളമിസ്റ്റ് എന്ന രീതിയില്‍ അറിയപ്പെടുന്ന എരൂര്‍ സ്വദേശിയായ ടി. സുധീര്‍ ഇപ്പോള്‍ സംസ്ഥാന ട്രഷറി വകുപ്പിലെ ജീവനക്കാരനാണ് |
Discussion about this post