കൊച്ചി: ഹിഡന്‍ ചാര്‍ജുകളോ വാര്‍ഷിക ചാര്‍ജുകളോ ഉണ്ടാവില്ല എന്ന് വാഗ്ദാനം ചെയ്ത് ക്രെഡിറ്റ് കാര്‍ഡ് നല്‍കിയ ശേഷം, ചാര്‍ജ് ഈടാക്കിയ ആര്‍ബിഎല്‍ ബാങ്കിന് പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍. വാഗ്ദാന ലംഘനം നടത്തിയ ബാങ്കിന്റെ നടപടി അധാര്‍മിക വ്യാപാര രീതിയാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നിരീക്ഷിച്ചു. എറണാകുളം കൂവപ്പടി സ്വദേശി അരുണ്‍ എം ആര്‍, ആണ് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ബിഎല്‍ ബാങ്കിനെതിരെ പരാതി നല്‍കിയത്.
കാര്‍ഡ് ലഭിച്ചതിന് ശേഷം അമ്പതിനായിരം രൂപ കാര്‍ഡ് വഴി പെട്രോള്‍ പമ്പില്‍ ഉപയോഗിച്ചു. 40 ദിവസം കഴിഞ്ഞിട്ടും പെയ്‌മെന്റ് അടക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും പരാതിക്കാരനു ബാങ്കില്‍ നിന്ന് ലഭിച്ചില്ല. ഫോണ്‍ മുഖേന ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടിയില്ല. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ പരാതിക്കാരന്‍ തീരുമാനിച്ചു.
അന്വേഷിച്ചപ്പോള്‍ 50,590 രൂപ നല്‍കാനാണ് ഇദ്ദേഹത്തോട് നിര്‍ദ്ദേശിച്ചത്. ആ തുക ഫോണ്‍ പേ മുഖേനെ പരാതിക്കാന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് വീണ്ടും 4,718 രൂപ കൂടി നല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടു. പിന്നീട് അത് 13,153 രൂപയായി വര്‍ദ്ധിപ്പിച്ചു. അതിന് ശേഷം, അഭിഭാഷകന്‍ മുഖേനെ ബാങ്ക് അയച്ച നോട്ടീസില്‍ 14,859 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. സിബില്‍ സ്‌കോര്‍ 760 -ല്‍ നിന്നും 390 ആയി കുറഞ്ഞു. ഇതുമൂലം ബാങ്കുകള്‍ തനിക്ക് വായ്പ നിഷേധിച്ചു. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
ധനകാര്യ സ്ഥാപനങ്ങളില്‍ ചിലത് പിന്നീട് ഉപഭോക്താക്കളെ കബളിപ്പിക്കുകയും അവരുടെ മനസ്സമാധാനം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ആയതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ അത്തരം ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്നും ഡിബി ബിനു അധ്യക്ഷനും, വി രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
Discussion about this post