ന്യൂഡൽഹി : പുതിയ സംരംഭകരെ പിന്തുണയ്ക്കുന്നതിനായുള്ള കേന്ദ്രസർക്കാർ പദ്ധതി പ്രധാനമന്ത്രി മുദ്ര യോജനയുടെ പ്രകാരമുള്ള വായ്പ പരിധി ഉയർത്തി. 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായാണ് മോദി സർക്കാർ വായ്പ പരിധി ഉയർത്തിയിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ചെറുകിട ബിസിനസ്സുകൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകാനാണ് മോദി ഈ സർക്കാർ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
വ്യാഴാഴ്ചയാണ് വായ്പ പരിധി ഉയർത്തിയതായി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2024 ജൂലൈ 23 ന്നടന്ന കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ വായ്പ പരിധി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കൂടുതൽ ചെറുകിട സംരംഭങ്ങൾ വളർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ പരിധി വഴി കഴിയും എന്നാണ് ധനമന്ത്രാലയം വ്യക്തമാക്കുന്നത്.
പുതിയ വിജ്ഞാപനമനുസരിച്ച് 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള വായ്പകൾക്കുള്ളതാണ് തരുൺ പ്ലസ് എന്ന പുതിയ വിഭാഗം അവതരിപ്പിച്ചിരിക്കുന്നത്. തരുൺ കാറ്റഗറിയിൽ മുമ്പ് വായ്പയെടുത്ത് വിജയകരമായി തിരിച്ചടച്ച സംരംഭകർക്ക് ഇത് ലഭ്യമാകും. 20 ലക്ഷം രൂപ വരെയുള്ള പിഎംഎംവൈ വായ്പകളുടെ ഗ്യാരൻ്റി കവറേജ് മൈക്രോ യൂണിറ്റുകൾക്കായുള്ള ക്രെഡിറ്റ് ഗ്യാരൻ്റി ഫണ്ടിന് കീഴിൽ ആയിരിക്കും വായ്പ നൽകുക.
Discussion about this post