വീട് പണിതിട്ടിട്ട് വിദേശത്ത് പോയി ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിദേശത്ത് പോയ പ്രവാസിയുടെ കൊച്ചിയിലെ വീട്ടില്‍ താമസിച്ചത് മുപ്പതോളം ആളുകളാണെന്നാണ് വിവരം. സംഗതി പിടികിട്ടിയത് 5000 രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചപ്പോഴാണ്.യുഎസില്‍ താമസിക്കുന്ന അജിത്ത് വാസുദേവന്റെ വൈറ്റില ജനത റോഡിലെ വീട്ടിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍ ഇത്രയും ബില്ല് വന്നത് എങ്ങനെയെന്ന് കെഎസ്ഇബിയില്‍ അന്വേഷിച്ചപ്പോള്‍ ഉപയോഗിച്ച കറണ്ടിന്റെ ബില്ല് ആണെന്നായിരുന്നു മറുപടി.
ആളെ വിട്ട് അന്വേഷിപ്പിച്ചപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് താമസമാക്കിയ ഒരു കൂട്ടം ആളുകളെ കണ്ടെത്തിയത്. തന്റെ വീട്ടില്‍ താന്‍ അറിയാതെ ചിലര്‍ അതിക്രമിച്ചു കയറി താമസിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. രണ്ടു നിലയുള്ള വീട്ടില്‍ വിദ്യാര്‍ത്ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ മുപ്പതോളം പേരാണ് ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്നത്. ഗേറ്റിന്റെയും വീടിന്റെയും പൂട്ട് തകര്‍ത്ത് ഉള്ളില്‍ കടന്നതിനുശേഷം വീട് പെയിന്റ് ചെയ്യുകയും ഉള്ളില്‍ ഭിത്തികെട്ടി തിരിച്ച് ശേഷം പലര്‍ക്കായി വാടകയ്ക്ക് നല്‍കിയതായും വ്യക്തമായി.
അതിക്രമത്തിന് പിന്നില്‍ അരൂര്‍ സ്വദേശിയായ സുരേഷ് ബാബു എന്ന വ്യക്തി ആണെന്ന് സ്ഥലം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക ലഭിക്കുന്ന വിധത്തിലാണ് സുരേഷ് ബാബു വീട് പലര്‍ക്കായി വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ വീട് തന്നെ നോക്കാന്‍ ഏല്‍പ്പിച്ചതാണെന്നായിരുന്നു നല്കിയ മറുപടി. എന്നാല്‍ സുരേഷ് ബാബു പറയുന്നത് കള്ളമാണെന്ന് അജിത്ത് വാസുദേവന്‍ അറിയിച്ചു. താനോ ബന്ധുക്കളോ വീടിന്റെ ഒരു ചുമതലയും സുരേഷ് ബാബുവിനെ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
താക്കോല്‍ സമീപവാസിയുടെ കൈവശത്ത് ആയിരുന്നെങ്കിലും ഇത് ആര്‍ക്കും കൈമാറാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു. സംഭവത്തില്‍ പ്രവാസിയുടെ വീട് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കുകയും അനധികൃതമായി വാടകയ്ക്ക് കൊടുക്കുകയും ചെയ്ത സുരേഷ് ബാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post