പതിറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് ഒരു സംസ്ഥാനത്ത് കൂടി ഭരണം നഷ്ടപ്പെട്ടു. അരുണാചലില്‍ ബിജെപി പിന്തുണയോടെ വിമത നേതാവ് കലിഖോ പുള്‍ ചുമതലയേറ്റത് രാജ്യമെമ്പാടും വലിയ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടി തന്നെയാണ്. 11 അംഗങ്ങളുള്ള ബിജെപിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് വിമതര്‍ അരുണാചലില്‍ ഭരണം പിടിച്ചത് ബിജെപി ഇവിടെ ഭരണത്തില്‍ അണി ചേരുന്നതോടെ അരുണാചല്‍ വലിയ രാഷ്ട്രീയ മാറ്റത്തിന് കൂടി വേദിയാവുകയാണ്. രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയുണ്ട് കലിഖോയ്ക്ക്. ഇവരും ഭരണത്തില്‍ പങ്കാളികളാകും.
കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി കലാപത്തെത്തുടര്‍ന്നാണ് അരുണാചല്‍ പ്രദേശില്‍ നാടകീയ രാഷ്ട്രീയ സംഭവങ്ങളുണ്ടായത്. അറുപതംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണയുണ്ടായിരുന്ന നബാം തുക്കി സര്‍ക്കാരിനെതിരെ 21 പാര്‍ട്ടി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ഇതിനിടെ, സ്പീക്കര്‍ 14 കോണ്‍ഗ്രസ് അംഗങ്ങളെ അയോഗ്യരാക്കി. ഇതുമായി ബന്ധപ്പെട്ട നിയമനടപടികള്ക്കിടെയാണു ഗവര്‍ണര്‍ സംസ്ഥാനത്തു കേന്ദ്രഭരണം ശുപാര്‍ശ ചെയ്തത്. പിന്നീട് ഗവര്‍ണറുടെ നടപടി സുപ്രിം കോടതി റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഭരണമാറ്റത്തിന് അരങ്ങൊരുങ്ങി.
കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന ബിജെപിയ്ക്ക് വലിയ നേട്ടമാണ് അരുണാചലില്‍ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിടാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസിനകത്തെ വിമത പ്രശ്നങ്ങള്‍ കൃത്യമായും ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നത് ബിജെപിയ്ക്ക് വലിയ രാഷ്ട്രീയ നേട്ടമാണ്.
കൃസ്ത്യന്‍ വോട്ടുകള്‍ ഏറെ നിര്‍ണായകമാണ് അരുണചാലില്. ഇവിടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 11 സീറ്റ് നേടി ബിജെപി വലിയ മുന്നേറ്റം കൈവരിച്ചിരുന്നു. ഇപ്പോള്‍ ഭരണകക്ഷിയ്ക്ക് ബിജെപിയുടെ പിന്തുണ അനിവാര്യമായി വന്നിരിക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷങ്ങളുമായുള്ള അകല്‍ച്ച കുറക്കാനുള്ള ബിജെപി ശ്രമത്തിന് അരുണചലിലെ സംഭവവികാസങ്ങള്‍ ഏറെ ഗതിവേഗം പകരും. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടിയെടുക്കാനും ബിജെപിയ്ക്ക് കഴിയും. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഗോവയില്‍ ബിജെപിയാണ് വര്‍ഷങ്ങളായി ഭരിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഏറെ സ്വാധീനമുണ്ട് എന്നിരിക്കെ ബിജെപിയ്ക്ക് അരുണാചലും, ഗോവയും ഉയര്‍ത്തി ന്യൂനപക് മേഖലകളില്‍ പ്രചരണം നടത്താന്‍ കഴിയും. നിലവില്‍ കേരളത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
Discussion about this post