ഹൈദരാബാദ് : ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിക്ക് 35,000 പിഴ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. അധികനിരക്ക് ഈടാക്കിയതിനാണ് നടപടി . ഹൈദാബാദിലാണ് സംഭവം. എമ്മാഡി സുരേഷ് ബാബുവാണ് സ്വിഗ്ഗിക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത് . തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്.
ദൂരം അധികമാക്കി കാണിച്ചാണ് സ്വിഗ്ഗി യൂസറിൽ നിന്ന് അധിക ചാർജ് ഈടാക്കിയത്. സ്വിഗ്ഗി വൺ അംഗത്വം ഉണ്ടായിരുന്ന ആളാണ് സുരേഷ് ബാബു. ഇതുപ്രകാരം ഒരു നിശ്ചിതദൂര പരിധിക്കുള്ളിൽ ഡെലിവറി സൗജന്യമാണ് . എന്നാൽ 2023 നവംബർ ഒന്നിന് ഡിന്നർ ഓർഡർ ചെയ്തപ്പോൾ ആപ്പിൽ കാണിച്ചത് റെസ്റ്റോറന്റിൽ നിന്നും സുരേഷ് ബാബുവിന്റെ വീട്ടിലേക്കുള്ള ദൂരം 14 കിലോമീറ്റർ എന്നാണ്. എന്നാൽ, ശരിക്കും 9.7 കിലോമീറ്റർ മാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ. ഇതിന്റെ പോരിൽ ഡെലിവറി ചാർജ്ജായി സുരേഷ് ബാബുവിൽ നിന്നും 103 രൂപ സ്വിഗ്ഗി ഈടാക്കുകയായിരുന്നു.
കോടതി ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് അടക്കം സുരേഷ് ബാബു നൽകിയ തെളിവുകൾ പരിശോധിച്ചു. സ്വിഗ്ഗി ദൂരത്തിന്റെ കാര്യത്തിൽ കൃത്രിമത്വം കാണിച്ചു എന്നും കണ്ടെത്തി.
103 രൂപ ഡെലിവറി ഫീ തിരിച്ചടയ്ക്കാനും ഉത്തരവിട്ടു. ഒപ്പം മാനസിക പ്രയാസത്തിനും അസൗകര്യത്തിനും 5,000 രൂപ കൂടി നൽകാനും, വ്യവഹാര ഫീസ് 5,000 രൂപ കൂടി നൽകാനും കമ്മീഷൻ ഉത്തരവിട്ടു. കൂടാതെ, രംഗ റെഡ്ഡി ജില്ലാ കമ്മീഷന്റെ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് സ്വിഗ്ഗി 25,000 രൂപ ശിക്ഷാ നഷ്ടപരിഹാരമായി നൽകണം. 45 ദിവസമാണ് കോടതി സ്വിഗ്ഗിക്ക് നൽകിയിരിക്കുന്ന സമയം.
Discussion about this post