പ്രമേഹം തിരിച്ചറിയാന്‍ വൈകിയാല്‍ കാത്തിരിക്കുന്നത് വന്‍ അപകടമെന്ന് പഠനങ്ങള്‍. പ്രമേഹം നിമിത്തം രക്തത്തിലെ പഞ്ചസാരയുടെ തോത് ഉയരുന്നത് വൃക്കകളിലെ രക്തക്കുഴലുകളെ പതിയെ നശിപ്പിക്കുകയും ഇത് രക്തശുദ്ധീകരണം എന്ന പ്രവര്‍ത്തനം വളരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. ഇത് വൃക്കകള്‍ പൂര്‍ണ്ണമായും നശിക്കുന്നതിലേക്ക് തന്നെ നയിച്ചേക്കാം.
ശരീരത്തിലെ വളരെ പ്രധാന്യമുള്ള അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമുള്ളതൊക്കെ വലിച്ചെടുക്കുകയും ആവശ്യമില്ലാത്തവയെ അരിച്ചുമാറ്റുന്നതും വൃക്കകളാണ്. മലിനരക്തം വൃക്കയിലെത്തിയാല്‍ അവയെ ശുദ്ധീകരിക്കുന്നത് ഓരോ വൃക്കയിലേയും 10 ലക്ഷത്തോളം വരുന്ന നെഫ്രോണുകളാണ്. നെഫ്രോണുകള്‍ക്കുള്ളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ലോമറുലസ്.
ഇതിലൂടെ കടന്ന് പോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്. മണിക്കൂറില്‍ ഏകദേശം 70 ലിറ്റര്‍ രക്തമാണ് ഗ്ലോമറുലസിലൂടെ കടന്നുപോകുന്നത്. മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. എന്നാല്‍ പ്രമേഹമുള്ളവരില്‍ വൃക്കകളുടെ ജോലി ഭാരം കൂടുതലാണ്. ധാരാളം ഗ്ലൂക്കോസ് അടങ്ങിയ രക്തം അരിച്ചെടുത്ത് വൃക്കകള്‍ ക്ഷീണിക്കും.
ഇത് പതിവാകുമ്പോള്‍ ഗ്ലോമറുലസില്‍ ചോര്‍ച്ച ഉണ്ടാകും ഇത് പതുക്കെ വൃക്കപരാജയത്തിനും ഇടയാകും. വൃക്കരോഗം വരുന്നവരില്‍ ഭൂരിഭാഗവും പ്രമേഹരോഗികളാണ്. പ്രമേഹം തിരിച്ചറിയാന്‍ വൈകുന്നത് വൃക്കകളുടെ നാശത്തെ ത്വരിതപ്പെടുത്തും.
Discussion about this post