ഇടുക്കി: കേരള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നു. അഴിമതി ആരോപണം നേരിടുന്നവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും മാണി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് ഇത് ബാധകമാണെന്നും പി.സി ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉടന്‍ ധ്രുവീകരണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന് പാര്‍ട്ടി ലീഡര്‍ കൂടിയായ കെ.എം മാണി വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തിനെതിരെ പി.സി ജോസഫ് രംഗത്തു വന്നിരിയ്ക്കുന്നത്.
എം.എല്‍.എമാരായ മോന്‍സ് ജോസഫും, ടി.യു കുരുവിളയും പി.ജെയുടെ നിലപാടിനൊപ്പമാണ്. മത്സരിക്കാന്‍ സീറ്റ് ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത ഫ്രാന്‍സിസ് ജോര്‍ജിനേയും ആന്റണി രാജുവിനേയും കൂട്ടി ഇടതുപക്ഷത്തേക്ക് പോകാനാണ് പി.സി ജോസഫിന്റെയും കൂട്ടരുടേയും നീക്കം. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്ന് വന്നാല്‍ ഘടകകക്ഷിയാക്കാമെന്ന വാഗ്ദാനം സി.പി.എം മുന്നോട്ടുവച്ചിട്ടുണ്ട്.
കേരള ഫീഡ്സ് ചെയര്മാന് സ്ഥാനവും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും രാജിവെച്ച പി.സി. ജോസഫ് കുറച്ചുകാലമായി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു. വിമതനീക്കത്തിന് ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിലും വീണ്ടും പാര്‍ട്ടി പിളര്‍ത്തി പുറത്തുപോകുന്നതിനെ പി.ജെ.ജോസഫ് അനുകൂലിക്കുന്നില്ല.
Discussion about this post