പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ട് തന്നെ, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുന്നത് അനിവാര്യമാണ്. നിരക്ക് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും.
സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കു വർദ്ധനവ് ഉണ്ടാകുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വേനൽകാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് സമ്മർ താരിഫ് പരിഗണിക്കുന്നത്. നിരക്ക് വര്‍ദ്ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. രാത്രിയും പകലും പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണ് എന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.











