ആന്ധ്രപ്രദേശ്: യൂറോപിന്റെ പ്രോബ 3 ദൗത്യത്തിനായുള്ള 25 മണിക്കൂർ കൗണ്ട്ഡൗൺ ആരംഭിച്ച് ഐ എസ് ആർ ഓ. ഡിസംബർ 3 ചൊവ്വാഴ്ച 2 മണി കഴിഞ്ഞ് 38 മിനുട്ട് ഉള്ളപ്പോഴാണ് കൌണ്ട് ഡൌൺ ആരംഭിച്ചത്. 44 മീറ്റർ ഉയരമുള്ള പിഎസ്എൽവി റോക്കറ്റിൽ യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഇരട്ട ബഹിരാകാശ പേടകമാണ് ഇന്ത്യൻ റോക്കറ്റ് വഹിക്കുന്നത്. മൊത്തം 550 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത് . പ്രൊബ-3 എന്നാണ് ദൗത്യം അറിയപ്പെടുന്നത്.
പ്രൊജക്റ്റ് ഫോർ ഓൺബോർഡ് ഓട്ടോണോമി എന്നതിന്റെ ചുരുക്കപ്പേരാണ് പ്രോബ. അതെ സമയം തന്നെ ശ്രമിക്കുക എന്നർത്ഥമുള്ള ലാറ്റിൻ വാക്കുമാണിത്.
എന്തുകൊണ്ടാണ് പ്രോബ-3 ഇന്ത്യയിൽ നിന്ന് വിക്ഷേപിക്കുന്നത്?
550 കിലോഗ്രാം ഭാരമുള്ള പ്രോബ-3 ഉപഗ്രഹങ്ങളെ ആവശ്യമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ കഴിയുന്ന മീഡിയം ലിഫ്റ്റ് റോക്കറ്റ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കൈവശം നിലവിലില്ല. അതെ സമയം ഉപഗ്രഹങ്ങളുടെ ഭാരം ഇഎസ്എയുടെ “വേഗ-സി” എന്ന ചെറു റോക്കറ്റിൻ്റെ കഴിവിനേക്കാൾ മുകളിലാണ്, അതേസമയം വലിയ ഏരിയൻ -6 റോക്കറ്റിന്റെ ചിലവ് വളരെയധികം ആണെന്നുള്ളതും ഒരു പ്രശ്നമാണ്.
യൂറോപ്പ്യൻ സ്പേസ് ഏജൻസി ഈ ദൗത്യത്തിനായി സ്പേസ് എക്‌സിനേയും “ഐ എസ് ആർ ഓ” യെയുമാണ് പരിഗണിച്ചിരുന്നത്. എന്നാൽ പേ ലോഡിന്റെ സൗകര്യാർത്ഥം “ഐ എസ് ആർ ഓ” യെ തിരഞ്ഞെടുക്കുകയായിരുന്നു. 60 ദൗത്യങ്ങളിൽ നിന്നും 97 ശതമാനം എന്ന ഞെട്ടിക്കുന്ന കാര്യക്ഷമതയാണ് ഐ എസ് ആർ ഓ യുടെ പി എസ് എൽ വി യുടെ കരുത്ത്.
സോളാർ കൊറോണ (സൂര്യൻ്റെ അന്തരീക്ഷത്തിൻ്റെ ഏറ്റവും പുറം ഭാഗം) യുമായി ബന്ധപ്പെട്ട നിരവധി നിഗൂഢതകൾ അനാവരണം ചെയ്യുക എന്നതാണ് പ്രോബ 3 യുടെ പ്രധാന ലക്‌ഷ്യം. സൂര്യൻ്റെ ഉപരിതലത്തേക്കാൾ ഒരു ദശലക്ഷം ഡിഗ്രി ചൂടാണ് സോളാർ കോറോണയിൽ ഉള്ളത്.
പഗ്രഹങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന കൊറോണൽ മാസ് എജക്ഷനുകളുടെ (ഉയർന്ന ചാർജ്ജുള്ള കണങ്ങൾ) പ്രഭവ കേന്ദ്രമാണ് സോളാർ കൊറോണ. ഇത് ഭൂമിയിലെ ആശയവിനിമയ, പവർ നെറ്റ്‌വർക്കുകളുടെ പ്രവർത്തനത്തെ പലപ്പോഴും ബാധിക്കാറുണ്ട്. സോളാർ കൊറോണയെയും അതുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളെയും നന്നായി മനസ്സിലാക്കുന്നതിൽ ശാസ്ത്ര ലോകത്തിന് വലിയ താല്പര്യമാണുള്ളത്. ഇതാണ് പ്രോബ – 3 സാധ്യമാക്കാനൊരുങ്ങുന്നത്
ഒക്ൾട്ടർ സാറ്റലൈറ്റ് (ഒഎസ്‌സി), കൊറോണാഗ്രാഫ് സാറ്റലൈറ്റ് (സിഎസ്‌സി) എന്നീ രണ്ട് ഉപഗ്രഹങ്ങളാണ് പ്രോബ-3 ദൗത്യത്തിൽ അടങ്ങിയിരിക്കുന്നത്. ഭൂമിയിൽ നിന്നും ഏതാണ്ട് 60000 കിലോമീറ്റർ ദൂരത്തായി ഒരു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കുകയാണ് പ്രോബ 3 ചെയ്യുന്നത്. എന്നാൽ മാത്രമേ സൂര്യന്റെ ഉപരിതലത്തിൽ ഉള്ള സൗര പ്രഭാവത്തെ വിശദമായി പഠിക്കാൻ കഴിയുകയുള്ളൂ.
ചന്ദ്രൻ സൂര്യനെ തമറയുമ്പോൾ ഉണ്ടാകുന്ന സൂര്യഗ്രഹണം , സൗര കൊറോണയെക്കുറിച്ച് പഠിക്കാനുള്ള മികച്ച സ്വാഭാവിക അവസരമാണ്. എന്നാൽ ഗ്രഹണം അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ ,അത് കൂടാതെ ഏതാനും മിനിറ്റുകൾ മാത്രമേ ഇത് നീണ്ടു നിൽക്കുകയും ചെയ്യുകയുള്ളൂ.
സൂര്യപ്രകാശം തടയാൻ രൂപകൽപ്പന ചെയ്ത 1.4 മീറ്റർ ഡിസ്ക് (ഒഎസ്‌സി) ആണ് പ്രോബ 3 യുടെ പ്രധാന ഭാഗം. ഇത് 150 മീറ്റർ അകലത്തിൽ ഏകദേശം എട്ട് സെൻ്റീമീറ്റർ വീതിയുള്ള ഒരു നിഴൽ സൃഷ്ടിക്കും . ഈ നിഴലിനുള്ളിൽ സ്ഥിതി ചെയ്യുന്നത് CSC ആണ്, അതിൽ 5-സെൻ്റീമീറ്റർ അപ്പർച്ചർ ഉള്ള ഒരു ദൂരദർശിനി ഉണ്ട്. ഇതാണ് സോളാർ കോറോണയെ കുറിച്ച് പഠിക്കുന്നത്.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്സെന്ററിൽ നിന്നാണ് 320 ടൺ ഭാരമുള്ള പിഎസ്എൽവി-എക്‌സ്എൽ റോക്കറ്റ് വിക്ഷേപിക്കുന്നത്.ലിഫ്റ്റ്ഓഫ് കഴിഞ്ഞ് ഏകദേശം 18 മിനിറ്റും 40 സെക്കൻഡും കഴിഞ്ഞാണ് ഉപഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കപ്പെടുന്നത്.
Discussion about this post