സ്പാനിഷ് ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് തോൽവി. റയൽ മാഡ്രിഡിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം കിലിയൻ എംബാപ്പെ നഷ്ടപ്പെടുത്തി. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് എംബാപ്പെ പെനാൽറ്റി പാഴാക്കുന്നത്. ലിവർപൂളിനെതിരായ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഫ്രഞ്ച് സൂപ്പർ താരം പെനാൽറ്റി മിസ്സാക്കിയിരുന്നു.
അത്ലറ്റിക്കോ ബിൽബാവോയോട് 2-1നാണ് റയൽ മാഡ്രിഡ് പരാജയം ഏറ്റുവാങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സെക്കന്റ് ഹാഫിൽ അത്ലറ്റിക്കോ ബിൽബാവോയാണ് ആദ്യം ലീഡ് നേടിയത്. അൻപത്തിമൂന്നാം മിനിറ്റിൽ ബെരൻക്വർ സ്‌കോർ ചെയ്തു. ഇതിന് ശേഷമാണ് എംബാപ്പെയ്ക്ക് പെനാൽറ്റി ലഭിച്ചതും താരം കിക്ക് പാഴാക്കിയതും.
എന്നാൽ, ചെറിയ കാത്തിരിപ്പിനൊടുവിൽ 78 മിനിറ്റായപ്പോൾ ജൂഡ് ബെല്ലിംഗ്ഹാം റയൽ മാഡ്രിഡിന്റെ സമനില ഗോൾ കണ്ടെത്തി. പക്ഷേ, ലോസ് ബ്ലാങ്കോസിന്റെ ആശ്വാസത്തിന് അധികം ആയുസ് ഉണ്ടായില്ല. രണ്ട് മിനിറ്റിനകം ഗുറുസേറ്റ അത്ലറ്റിക്കോ ബിൽബാവോയ്ക്ക് വിജയം സമ്മാനിച്ച ഗോൾ നേടി.
ലാ ലിഗയിലെ ഈ സീസണിൽ റയൽ മാഡ്രിഡ് നേരിടുന്ന രണ്ടാമത്തെ തോൽവിയാണിത്. അത്ലറ്റിക്കോ ബിൽബാവോയ്ക്കെതിരെ ജയിച്ചിരുന്നെങ്കിൽ, ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറയ്ക്കാൻ റയൽ മാഡ്രിഡിന് സാധിക്കുമായിരുന്നു. ലാ ലിഗയിൽ ഒരു മത്സരം കുറച്ചു കളിച്ച (15) റയൽ മാഡ്രിഡിന് 33 പോയിന്റുണ്ട്. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുമായാണ് ബാഴ്സലോണ ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
Discussion about this post