എറണാകുളം : നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. സംഭവത്തിൽ ദേവസ്വം ബോർഡിനോട് കോടതി വിശദീകരണം തേടി.
വിഷയം ചെറുതായി കാണാനാകില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്നും കോടതി അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ഇതിന്റെ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ഇന്നലെയാണ് നടൻ ദിലീപ് ദർശനം നടത്തിയത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ദിലീപ് സന്നിധാനത്തെത്തിയത്. നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരഹിവരാസനം ചൊല്ലി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. നിലയ്ക്കലെത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി നേരത്തെ ഓർമിപ്പിച്ചിരുന്നു. ഇത് ലംഘിച്ചാണ് നടൻ വിഐപി പരിഗണന നൽകിയിരിക്കുന്നത്.
ക്യൂ ഒഴിവാക്കി പോലീസുകാർക്കൊപ്പം ദിലീപ് ദർശനത്തിനായി എത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതേസമയം, ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. ഇന്ന് ഇതുവരെയ്ക്കും 41,480 തീർത്ഥാടകരാണ് പതിനെട്ടാംപടി ചവിട്ടിയത്. മഴ മാറി തെളിഞ്ഞ അന്തരീക്ഷം ആയതുകൊണ്ട് തിരക്ക് കൂടിവരികയാണ്.
Discussion about this post