ന്യൂഡൽഹി:ഹിന്ദുത്വയെ രോഗമെന്ന് വിശേഷിപ്പിച്ച പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിക്ക് മറുപടിയുമായി ബാഗേശ്വർ ബാബ ധീരേന്ദ്ര ശാസ്ത്രി. ഹിന്ദുത്വം ഒരു രോഗമല്ലെന്നും ലോകത്തിനുള്ള പ്രതിവിധിയാണെന്നും ബാഗേശ്വർ ധാം സർക്കാർ പറഞ്ഞു. ഹിന്ദുത്വത്തെ രോഗമല്ല, സാമൂഹിക-സാംസ്‌കാരിക രോഗങ്ങൾക്കുള്ള മരുന്നെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ഹിന്ദുത്വം ഒരു രോഗമല്ല, ലോകത്തിനുള്ള പ്രതിവിധിയാണ്. അതൊരു ജീവിതരീതിയാണ്, ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ചിന്താ പ്രക്രിയയാണ്…ഹിന്ദുത്വം ഈ രാജ്യത്തിനും ലോകത്തിനും ഒരു ഔഷധമാണ്. എല്ലാവരുടെയും ക്ഷേമത്തിനായി വാദിക്കുന്ന ഒരു തത്വശാസ്ത്രമാണിത് (വസുധൈവ കുടുംബകം). ഹിന്ദുത്വം എല്ലാവരിലും രാമനെയും എല്ലാ മനുഷ്യരിലും നാരായണനെയും എല്ലാ പുത്രികളിലും ഗൗരി ദേവിയെയും കാണുന്നു,” ധീരേന്ദ്ര ശാസ്ത്രി പറഞ്ഞു.
ഹിന്ദുത്വം ഒരു ‘രോഗം’ ആണെന്നും അത് ഇന്ത്യക്കാരെ ബാധിച്ചിട്ടുണ്ടെന്നും ഇൽതിജ മുഫ്തി അടുത്തിടെ പറഞ്ഞിരുന്നു . ഹിന്ദുത്വ ദൈവങ്ങളുടെ പേരിനെ അപകീർത്തിപ്പെടുത്തുകയും രാമന്റെ പേര് ഉപയോഗിച്ച് മനുഷ്യർക്ക് നേരെ അതിക്രമങ്ങൾ നടത്തുകയും ചെയ്യുകയാണെന്നും അവർ പറഞ്ഞിരുന്നു.എന്നാൽ വിവാദമായതോടെ തന്റെ പ്രസ്താവന മനഃപൂർവ്വം വളച്ചൊടിച്ചതാണെന്ന് ഇൽതിജ ആരോപിച്ചു.








