ന്യൂഡൽഹി :അംബേദ്കർ വിവാദത്തിൽ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം. ഇൻഡി സഖ്യവും എംപിമാരും ഭരണപക്ഷ എംപിമാരും പ്രകടനത്തിനിടെ ഏറ്റുമുട്ടി. ഉന്തും തള്ളിനുമിടെ ബിജെപി എംപി പ്രതാപ് സിംഗിന് പരിക്കേറ്റു. കോണിപ്പടിയിൽ നിൽക്കുകയായിരുന്ന പ്രതാപ് സിംഗിന് മേലേക്ക് പാർലമെന്റ് അംഗം വീഴുകയായിരുന്നു. വീഴ്ചയിൽ പ്രതാപ് സിംഗിന് തലയ്ക്ക് പരിക്കേറ്റു. രാഹുൽ ഗാന്ധിയാണ് താൻ വീഴാൻ കാരണക്കാരനെന്ന് പ്രതാപ് സാരംഗി പറഞ്ഞു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ അംബേദ്കർ പ്രതിമയുടെ മുന്നിൽ നിന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് മകർ ധ്വാറിലേക്ക് മാർച്ച് നടത്തി. നീല വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. ഇവിടെ വെച്ച് മുദ്രാവാക്യം വിളികളുമായി നിന്ന ഭരണപക്ഷത്തിനിടയിലേക്ക് പ്രിയങ്കയുടെ നേതൃത്വത്തിൽ എംപിമാർ കയറിയതോടെ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ പരസ്പരം പിടിച്ചുതള്ളുന്ന സാഹചര്യം ഉണ്ടായി. ഇതിനിടയിലാണ് ബി ജെ പി എംപിയായ പ്രതാപ് സാരംഗിക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ വീൽ ചെയറിലിരുത്തി ആശുപത്രിയിലേക്ക് മാറ്റി.
രാഹുൽ ഗാന്ധിയാണ് താൻ വീഴാൻ കാരണക്കാരനെന്ന് പ്രതാപ് സാരംഗി ആരോപിച്ചു. രാഹുൽ മറ്റൊരു എംപിയെ പിടിച്ചുതള്ളിയെന്നും അദ്ദേഹം തന്റെ ദേഹത്തേക്ക് വീണതോടെയാണ് താനും വീണ് പോയതെന്നും പ്രതാപ് സാരംഗി പറഞ്ഞു. സംഭവത്തിൽ പോലീസിന് പരാതി നൽകുമെന്നും പ്രതാപ് പ്രതികരിച്ചു. അതേസമയം പ്രതാപിന്റെ ആരോപണം രാഹുൽ ഗാന്ധി തള്ളി. പാർലമെന്റ് ഗേറ്റിന് മുന്നിൽ വെച്ച തങ്ങളെ തടയാൻ ശ്രമിക്കവെയാണ് എംപി വീണതെന്നും അദ്ദേഹം മറ്റൊരു കോൺഗ്രസ് എംപിയെ തള്ളിയിട്ടതായും രാഹുൽ ഗാന്ധി ആരോപിച്ചു.











Discussion about this post