തിരുവനന്തപുരം: നാട്ടുകാരെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കുപ്രസിദ്ധ ഗുണ്ട ക്രമാർ സമീർ ജാമ്യത്തിലിറങ്ങിയ ശേഷം ശാസ്ത്രജ്ഞനെയും ഭാര്യയെയും ആക്രമിച്ചു. ഇന്നലെ രാത്രിയോടെ പുത്തൻതോപ്പ് ആശുപത്രിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരത്ത് വിഎസ്എസ്‌സിയിലെ ശാസ്ത്രജ്ഞനും ഭാര്യയ്ക്കും നേരെയാണ് ഇയാളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. കത്തി കൊണ്ട് ദമ്പതികളുടെ കഴുത്തിൽ മുറിവേൽപ്പിച്ചു.
മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ബിഹാർ സ്വദേശിയായ വികാസ് കുമാർ യാദവിനും ഭാര്യക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാറിന് നേരെ കല്ലെറിയുകയും കാർ നിർത്തിക്കുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ, ഇവരെ മർദ്ദിക്കുകയും കഴുത്തിൽ ഉൾപ്പെടെ മുറിവേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ക്രമാൻ സമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ടയാളാണ് ഇയാൾ. കുട്ടികൾ നോക്കി ചിരിച്ചുവെന്ന് പറഞ്ഞാണ് വീട്ടിൽ കയറി ഇയാൾ ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ചത്.
Discussion about this post