ന്യൂയോർക്ക്: ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായിരുന്നു 2004 ലെ സുനാമി. 20 വർഷങ്ങൾക്ക് മുൻപ്, ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പിറ്റേന്ന് ഉണ്ടായ ഈ ദുരന്തം കേരളത്തിൽ ഉൾപ്പെടെ വലിയ ആഘാതം ഉണ്ടാക്കി. ആയിരക്കണക്കിന് പേർ ആയിരുന്നു വിവിധ ഭാഗങ്ങളിലായി മരിച്ച് വീണത്. ഒരു ആയുസിന്റെ സമ്പാദ്യം ഉൾപ്പെടെ നഷ്ടമായവർ ധാരാളം. എന്താണ് ലോകത്തെ തന്നെ ഭീതിയിൽ ആഴ്ത്തിയ ഈ ദുരന്തത്തിന് കാരണം ആയത്?.
സുമാത്ര- ആന്തമാൻ ദ്വീപുകളിൽ ഉണ്ടായ ഭൂചലനം ആണ് സുനാമിയ്ക്ക് കാരണം ആയത്. അതിതീവ്ര ഭൂകമ്പം ആയിരുന്നു ഉണ്ടായിരുന്നത്. റിക്ടർ സ്‌കെയിലിൽ 9.1 മുതൽ 9.3 വരെയാണ് തീവ്രത രേഖപ്പെടുത്തിയത്. ഇൻഡോ-ഓസ്ട്രേലിയൻ ടെക്റ്റോണിക് ഫലകവും ചെറിയ ബർമ മൈക്രോ ഫലകവും തമ്മിൽ കൂട്ടിയിടിച്ചതിന്റെ ഫലമായിട്ടാണ് ഇത്രയും തീവ്രതയേറിയ ഭൂചലനം ഉണ്ടായത്. പിന്നീട് നടന്ന പ്രവർത്തനങ്ങളുടെ ഫലമായി ടെക്‌റ്റോണിക് പ്ലേറ്റുകൾ തെന്നിമാറി. ഇതോടെ കടൽതീരം മീറ്ററുകളോളം ഉയർന്നു. സമുദ്രത്തിന്റെ അടിത്തട്ട് ഉയർന്നതോടെ തിരമാലകൾ എല്ലാ ദിശകളിലേക്കും നീങ്ങുകയായിരുന്നു.
ഇന്തോനേഷ്യയിൽ ആയിരുന്നു ആദ്യമായി സുനാമി ആഞ്ഞടിച്ചത്. തീരദേശ നഗരമായ ബന്ദ ആച്ചിലേക്ക് തിരമാലകൾ ആഞ്ഞടിച്ചു. 30 അടിയിലധികം ഉയരം ആയിരുന്നു തിരമാലകൾക്ക് ഉണ്ടായത്. നേരത്തെ തന്നെ അറിയിപ്പ് ലഭിച്ചിരുന്നതിനാൽ ഒരുപാട് പേരെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. എങ്കിലും 1,70,000 പേർക്ക് ഇവിടെ ജീവൻ നഷ്ടമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 2,27,000 പേർക്ക് ജീവൻ നഷ്ടമായി എന്നാണ് വിവരം.
Discussion about this post