മലപ്പുറം: പുതുവത്സരാഘോഷം തെരുവില്‍ വേണ്ടെന്ന് എംവിഡി.. പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലാ ആര്‍.ടി.ഒ ബി.ഷഫീക്ക് നിര്‍ദ്ദേശം നല്‍കി.
പുതുവത്സര രാത്രികളില്‍ റോഡുകളില്‍ കര്‍ശന പരിശോധന നടത്താനാണ് തീരുമാനം. ് 30, 31 തീയതികളില്‍ ജില്ലയിലെ പ്രധാന അപകട മേഖലകള്‍, ദേശീയ സംസ്ഥാനപാത, പ്രധാന നഗരങ്ങള്‍, ഗ്രാമീണ റോഡുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന ഊര്‍ജ്ജിതമാക്കുന്നത്. പൊലീസിന് പുറമെ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോഴ്‌സ്മെന്റ് വിഭാഗവും, മലപ്പുറം ആര്‍.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ രാത്രികാല പരിശോധന ശക്തമാക്കും.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, അമിതവേഗത, രണ്ടിലധികം ആളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നല്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസന്‍സ് റദ്ദ് ചെയ്യാനാണ് തീരുമാനം.
രൂപ മാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
മറ്റുള്ളവരുടെ ഡ്രൈവിംഗിന് ബാധിക്കുന്ന രീതിയില്‍ വിവിധ വര്‍ണ്ണ ലൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എതിരെയും ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെയും എയര്‍ ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കും.
ശബരിമല തീര്‍ത്ഥാടന കാലം നിലനില്‍ക്കുന്നതിനാല്‍ പുതുവത്സര ദിനത്തില്‍ റോഡ് തടസങ്ങളൊഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
Discussion about this post