ന്യൂഡൽഹി: ഫ്രാൻസുമായി തന്ത്രപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെടാൻ ഇന്ത്യ. കൂടുതൽ യുദ്ധവിമാനങ്ങളും അന്തർവാഹിനികളും വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും കൈകോർക്കുന്നത്. അടുത്ത മാസം ഫ്രാൻസ് സന്ദർശിക്കാനിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് മുന്നോടിയായിട്ടാണ് സുപ്രധാന കരാർ.
റഫേൽ യുദ്ധവിമാനങ്ങളും സ്‌പോർപീൻ ക്ലാസ് വിഭാഗത്തിൽപ്പെട്ട അന്തർവാഹിനികളുമാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനായി 10 ബില്യൺ ഡോളറിന്റെ കരാറിനാണ് ഫ്രാൻസുമായി ധാരണയാകുന്നത്. അധികമായി 26 റഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങും. ഇതിന് പുറമേ സ്‌കോർപീൻ ക്ലാസിൽപ്പെട്ട മൂന്ന് കൺവെൻഷണൽ അന്തർവാഹിനികളും വാങ്ങും. ഇവ രണ്ടും നാവിക സേനയ്ക്ക് വേണ്ടിയുള്ളതാണ്.
ഐഎൻഎസ് വിക്രാന്തിന് വേണ്ടിയാണ് മുഴുവൻ റഫേൽ വിമാനങ്ങളും വാങ്ങുന്നത് എന്നതാണ് ഇതിൽ ശ്രദ്ധേയം. വരും ദിവസങ്ങളിൽ കരാറിന് കേന്ദ്ര സുരക്ഷാ കമ്മിറ്റിയുടെ അനുമതി ലഭിക്കുമെന്നാണ് വിവരം. അങ്ങിനെ എങ്കിൽ കരാറുമായി ഇരുരാജ്യങ്ങളും മുന്നോട്ട് പോകും. നാവിക സേനയുടെ നവീകരണത്തിന്റെ ഭാഗമായിട്ടാണ് മൂന്ന് അന്തർവാഹിനികൾ സ്വന്തമാക്കുന്നത്. റഫേൽ വിമാനങ്ങളുടെ നേവൽ വേരിയന്റ് ആണ് റഫേൽ എം വിമാനങ്ങൾ. കൂടുതൽ വിമാനങ്ങൾ ഭാഗമാകുന്നതോട് കൂടി നാവികസേനയുടെ കരുത്ത് ഉയരും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി ഫ്രാൻസിൽ എത്തുന്നത്. ഇവിടെ വച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടക്കും. ഇതിലാണ് സുപ്രധാന കരാറിൽ തീരുമാനം ഉണ്ടാകുക.
Discussion about this post