ലോകമെമ്പാടുമുള്ള ജനവിഭാഗങ്ങള്‍ക്കിടയില്‍ വളരെ വിചിത്രവും കൗതുകകരവുമായ വിവാഹാചാരങ്ങള്‍ നിലവിലുണ്ട്. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ നടക്കുന്ന കേട്ടാല്‍ വിചിത്രമെന്ന് തോന്നുന്ന ചില ആചാരങ്ങള്‍ പരിചയപ്പെടാം.
കരച്ചില്‍ : വിവാഹം വളരെ സന്തോഷകരമാണ്. എന്നാല്‍, ചൈനയുടെ ചില ഭാഗങ്ങളില്‍ വിവാഹത്തിന് കരച്ചില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. തുജിയ വധുക്കള്‍ വിവാഹത്തിന് ഒരുമാസം മുമ്പ് ദിവസവും ഓരോ മണിക്കൂര്‍ വച്ച് കരയുമത്രെ.
മൂന്ന് ദിവസത്തേക്ക് ബാത്ത്‌റൂം ഇല്ല : മലേഷ്യയിലും ഇന്തോനേഷ്യയിലും, ബോര്‍ണിയോയിലെ ടിഡോംഗ് ആളുകള്‍ക്കിടയില്‍ വ്യത്യസ്തമായ ഒരു ആചാരമുണ്ട്. വിവാഹശേഷം ദമ്പതികളെ മൂന്ന് ദിവസം തുടര്‍ച്ചയായി ബാത്ത്‌റൂം ഉപയോഗിക്കാന്‍ അനുവദിക്കില്ല. എന്തിന് അവരെ വീട് വിട്ട് പുറത്തിറങ്ങാന്‍ പോലും അനുവദിക്കില്ല. അതിനായി അവരെ നിരീക്ഷിക്കാന്‍ ആളുകള്‍ പോലുമുണ്ട്. ആ സമയത്ത് അവര്‍ക്ക് അതിജീവിക്കാന്‍ വേണ്ടിയുള്ള ചെറിയ അളവിലുള്ള ഭക്ഷണവും പാനീയവും മാത്രമാണ് കഴിക്കാനാവുക. അവര്‍ക്ക് ഭാവിയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ മരണത്തെ തടയാന്‍ വേണ്ടിയാണത്രെ ഇത്.
വധുവിനെ ചുംബിക്കല്‍ : സ്വീഡനില്‍ വിവാഹസമയത്ത് കുറച്ച് നേരം വരനെ കാണാതെയാവും. ആ സമയത്ത് തനിച്ചിരിക്കുന്ന വധുവിനെ വിവാഹത്തിനെത്തുന്ന വിവാഹം കഴിക്കാത്ത പുരുഷന്മാര്‍ക്ക് ചംബിക്കാമത്രെ. അതുപോലെ വധുവിന്റെ കൂട്ടുകാരികള്‍ക്ക് വരനെയും ചുംബിക്കാം.
കാളയ്ക്ക് മുകളില്‍ ചാട്ടം
എത്യോപ്യയിലെ ബന്ന ഗോത്രത്തിലെ യുവാക്കള്‍ പുരുഷന്മാരെന്നു തെളിയിക്കുന്നതും കല്യാണത്തിനുള്ള യോഗ്യത നേടുന്നതും ‘കാളചാട്ട ചടങ്ങ്’ പൂര്‍ത്തിയാക്കുന്നതിലൂടെയാണ്. ഒരു പ്രായവിഭാഗത്തില്‍നിന്നു മറ്റൊന്നിലേക്കു കടക്കാന്‍ സങ്കീര്‍ണമായ ആചാരങ്ങളാണ് അവര്‍ക്കുള്ളത്. ആണ്‍കുട്ടികളുടെ പ്രായപൂര്‍ത്തിയെ അടയാളപ്പെടുത്തുന്നതിനും വളര്‍ത്തുമൃഗങ്ങളെ സ്വന്തമാക്കുന്നതിനുമുള്ള ആചാരം കൂടിയാണിത് കാളചാട്ട ചടങ്ങ്. കുറേ കാളകളെ നിരനിരയായി നിര്‍ത്തുന്നു. ആണ്‍കുട്ടികള്‍ കാളകളുടെ മുതുകിലൂടെ വീഴാതെ നാല് റൗണ്ട് ഓടണം. കുറഞ്ഞതു പത്തു കാളകള്‍ക്കു മുകളിലൂടെയെങ്കിലും നാലു റൗണ്ട് ഓടണം. നഗ്നരായി വേണം മത്സരത്തില്‍ പങ്കെടുക്കാന്‍. കാളകള്‍ക്കു മുകളിലൂടെ ചാടുമ്പോള്‍ ചാട്ടവാറുകൊണ്ട് അടിയും കിട്ടും. തൊലി പൊട്ടി ചോരവരും. എന്നാലും അതൊന്നും വകവയ്ക്കാതെ യുവാക്കള്‍ തങ്ങളുടെ പരീക്ഷണം പൂര്‍ത്തിയാക്കും.
Discussion about this post